കോഴിക്കോട്: കോഴിയും ബീഫും മീനുമടക്കം ഇറച്ചി വിപണിയിൽ വൻ വിലക്കയറ്റം. ബ്രോയിലർ ഇറച്ചിക്ക് കിലോക്ക് 230 രൂപയാണ് ശനിയാഴ്ച കോഴിക്കോട് നഗരത്തിലെ വില. ലഗോണിന് 180 രൂപയും ബീഫിന് 300 രൂപയുമായി ഉയർന്നു. സ്പ്രിങ് കോഴി കിട്ടാനില്ലാതായി. ആഴ്ചകൾക്ക് മുമ്പ് സപ്രിങ്ങിന് 240 രൂപവരെയായി വില ഉയർന്നിരുന്നു.
കോഴിക്ക് ദിവസേന വില കയറിത്തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ബീഫിന് 280 രൂപയുണ്ടായിരുന്നതാണ് ആഴ്ചകൾക്ക് മുമ്പ് 300 ലെത്തിയത്. എല്ലില്ലാത്ത ബീഫിന് 360 രൂപ വരെ ഈടാക്കുന്നു. മത്തിക്ക് 240 രൂപവരെയും അയലക്ക് 340 രൂപവരെയും ആവോലിക്ക് 700 രൂപവരെയും അയക്കോറക്ക് 1400 രൂപവരെയുമായി ചില്ലറ വിലയുയർന്നു.
ആട്ടിറച്ചിക്കും ഉണക്ക മത്സ്യത്തിനുമാണ് വില മാറ്റമില്ലാതെ തുടരുന്നത്. ആട്ടിറച്ചിക്ക് 680 രൂപയാണ് നഗരത്തിൽ ഈടാക്കുന്നത്. ഉണക്ക സ്രാവിന് 200 രൂപയും തെരണ്ടിക്ക് 180 രൂപയും മുള്ളന്‍ 60 രൂപയുമാണ് ശനിയാഴ്ച നഗരത്തിലെ മൊത്ത വില. പെരുന്നാൾ പ്രമാണിച്ചാണ് പൊടുന്നനെയുള്ള വിലക്കയറ്റമെന്ന് ആക്ഷേപമുണ്ട്.
അതേസമയം, ആവശ്യത്തിന് കോഴി ലഭിക്കാത്തതും കോഴിത്തീറ്റക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ 70 ശതമാനം വരെ വില കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.എഫ്.സി അബ്ദുൽ ഷുക്കൂർ പറഞ്ഞു. ചെന്നൈ, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ എന്നീ പ്രധാന കേന്ദ്രങ്ങളിൽ കഴിഞ്ഞ 28വരെ ലോക്ഡൗണായതും പ്രശ്നമായി. കോഴി കെട്ടിക്കിടന്നതോടെ ഉൽപാദനം കുറച്ചു. ലോക്ഡൗൺ ഒഴിവായി ആവശ്യക്കാർ കൂടിയപ്പോൾ കോഴി കിട്ടാതായി.
ഇടക്ക് വില കുറഞ്ഞപ്പോൾ 50 രൂപക്ക് വരെ കോഴി വിറ്റപ്പോഴുള്ള നഷ്ടം നികത്താനുള്ള ശ്രമവും വിലക്കയറ്റത്തിന് പിന്നിലുണ്ട്. മീൻ വിലക്കയറ്റത്തിന് ട്രോളിങ് നിരോധനമാണ് കാരണമായി പറയുന്നത്.
തമിഴ്നാടടക്കം130 രൂപയാണ് ഫാമുകളിൽ കോഴി വില. എന്നാൽ ഇറച്ചി ഒരു കിലോ കിട്ടണമെങ്കിൽ ഒന്നര കിലോ ജീവനുള്ള കോഴി വേണമെന്ന് വ്യാപാരികൾ പറയുന്നു. 200 രൂപയുടെയടുത്ത് കിലോ ഇറച്ചിക്ക് വില വരുന്ന സ്ഥിതിയാണ്.
കട നടത്തിപ്പിന് കോഴിക്ക് 20 രൂപ ചെലവാകും. കോഴിമാലിന്യം കൊണ്ട് പോവുന്നവർക്ക് ഏഴ് രൂപയാകും. ഇതോടെ 230 രൂപക്ക് വിറ്റാലും നഷ്ടമാണെന്നാണ് വ്യാപാരികളുടെ വാദം.ചെറുകിട കച്ചവടക്കാർ 30 കിലോ കോഴിയെടുത്താൽ 10 കിലോ മാലിന്യമായി പോവും. ഒരു കടയിൽ ദിവസം 2000 രൂപയോളം ചെലവ് വരും.നില നിൽക്കാനാവശ്യമായ 30 രൂപയുടെ ലാഭം പോലും കിട്ടുന്നില്ലെന്നാണ് വാദം.കോടഞ്ചേരി, താമരശ്ശേരി, ബാലുശ്ശേരി, മാവൂർ ഭാഗത്താണ് ജില്ലയിൽ പ്രധാനമായി കോഴി ഫാമുകളുള്ളത്.
കോഴി വില വർധനയിൽ സർക്കാർ ഉടൻ ഇടപെടണം
കോഴിക്കോട്: കോവിഡ് കാലത്ത് പ്രതിസന്ധി വർധിപ്പിക്കുന്ന ഇറച്ചിക്കോഴി വില വർധനയിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി. ഷാഹുൽ ഹമീദ്, ജില്ല പ്രസിഡൻറ് ജാഫർ സാദിഖ്, ജില്ല ജനറൽ സെക്രട്ടറി പ്രേംചന്ദ് വള്ളിൽ, സംസ്ഥാന സമിതിയംഗം െക. ബേബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.