കുറ്റ്യാടി: വേളം പള്ളിയത്ത് പട്ടാപ്പകൽ കാട്ടുപന്നികളുടെ വിളയാട്ടം. അങ്ങാടിയിൽ ഇറങ്ങിയ നാല് പന്നികളിലൊന്ന് കൂട്ടംതെറ്റി കടക്കകത്ത് കയറി നാശനഷ്ടം വരുത്തി. കഴിഞ്ഞ ദിവസം രാവിലെ 11ന് ആയഞ്ചേരി റോഡിലുള്ള കിഴക്കേപറമ്പത്ത് ഇബ്രാഹീമിന്റെ സിമന്റ് കടയിൽ പാഞ്ഞുകയറിയാണ് ഗ്ലാസ് വാതിൽ തകർത്തത്. അകത്തുണ്ടായിരുന്ന പാർട്ണർ അബ്ദുല്ല തന്ത്രത്തിൽ പുറത്തുകടന്നു. പന്നിയെ പിടികൂടാൻ ആൾക്കൂട്ടം നടത്തിയ ശ്രമം വിജയിച്ചില്ല. ഏതാനും നിമിഷം നാട്ടുകാരെ മുൾമുനയിലാക്കിയശേഷം കുതറിയോടിയ പന്നി വനപ്രദേശത്തേക്കാണ് പോയത്. പ്രദേശത്ത് സ്ഥാപിച്ച പൈപ്പ് കൾവർട്ടിനുള്ളിൽ പന്നികളുടെ താവളമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കാടുമൂടിയ മണിമലയായിരുന്നു കാട്ടുപന്നികളുടെ കേന്ദ്രമെങ്കിൽ ഇപ്പോൾ ഒട്ടേറെ എണ്ണം നാട്ടിലിറങ്ങി താവളമടിക്കുകയും നിരവധി പേരുടെ കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.