കോഴിക്കോട്: സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിലുള്ള കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങിയ തൊഴിലാളികൾ കടക്കെണിയിൽ. അറ്റകുറ്റപ്പണിക്കോ സർവിസിനോ ആളെ കിട്ടാതെ കട്ടപ്പുറത്തായ വണ്ടികളുമായി വായ്പയടക്കാൻ പറ്റാതെ വിഷമിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഓട്ടോതൊഴിലാളികൾ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. നൂറിൽ താഴെ വണ്ടികളാണ് വിറ്റതെന്നാണ് വിവരമെന്ന് തൊഴിലാളികൾ പറഞ്ഞു. സ്പെയർപാർട്സ് പോലും കിട്ടാത്ത വണ്ടിയിൽ ബാറ്ററി ചാർജ് നിൽക്കാത്ത അവസ്ഥയാണ്.
വിവിധ ഡീലർമാരിൽനിന്ന് 3.8 ലക്ഷം രൂപവരെ ഈടാക്കിയാണ് വണ്ടി വാങ്ങിയത്. കേരള ബാങ്കാണ് വായ്പ നൽകിയത്. വണ്ടിക്ക് വായ്പ അനുവദിച്ചില്ല. പകരം വസ്തുവിന്റെയും മറ്റും ഈടിലാണ് വായ്പ നൽകിയത്.
രജിസ്റ്റർ ചെയ്യാത്ത ഡീലർമാർ സ്ഥാപനങ്ങൾ രണ്ട് കൊല്ലത്തിനിടെ പൂട്ടിയതോടെ സർവിസിനും മറ്റും ആരെ സമീപിക്കണമെന്നറിയാതെ തൊഴിലാളികൾ വിഷമിക്കുന്നു. ഇടക്കിടെ സർവിസ് വേണ്ട സ്ഥിതിയാണ്. ഓട്ടോയുടെ ബോഡിയും മറ്റും ഉറപ്പില്ലാത്തതാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു. വയറിങ്ങും മറ്റും പുറത്തുള്ളവർക്ക് നന്നാക്കാൻ പറ്റുന്നില്ല. പാർട്സുകളും ലഭ്യമല്ല.
തിരുവനന്തപുരം നെയ്യാറ്റിൻകര ഓഫിസിൽ വിളിക്കുമ്പോൾ പരാതി രേഖപ്പെടുത്തിയെന്നും സർവിസിന് ആൾ എത്തുമെന്നുമുള്ള മറുപടി മാത്രമാണ് കിട്ടുന്നതെന്നും ഉപഭോക്തൃ ഫോറത്തിലും കോടതിയിലുമെല്ലാം പരാതി കൊടുത്തിട്ടും എതിർകക്ഷി ഹാജരാവാത്ത സ്ഥിതിയാണെന്നും തൊഴിലാളികൾ പറയുന്നു. കെ.എ.എൽ ഇ-ഓട്ടോ മലബാർ ഓണേഴ്സ് റീജനൽ കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിലുള്ള ധർണ സെക്രട്ടറി മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.