പേരാമ്പ്ര: നാല് രാപ്പകലുകളിലായി പേരാമ്പ്രയിൽ പെയ്ത കൗമാര കലാമഴ തോർന്നു. 309 ഇനങ്ങളിൽ 19 വേദികളിലായി പതിനായിരത്തിലധികം മത്സരാർഥികളാണ് നാലുദിവസങ്ങളിലായി കലാ മാമാങ്ക മേളയിൽ പങ്കെടുത്തത്. 893 പോയന്റുമായി കോഴിക്കോട് സിറ്റി ഉപജില്ലയാണ് മുന്നിൽ.
828 പോയന്റുമായി ചേവായൂരും 804 പോയന്റുമായി കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ പാറോപ്പടി സിൽവർഹിൽസ് എച്ച്.എസ്.എസാണ് ഒന്നാംസ്ഥാനത്ത്. അന്തിമ ഫലം സാങ്കേതിക കാരണങ്ങളാൽ ശനിയാഴ്ചയാണ് പ്രഖ്യാപിക്കുകയെന്ന് ഡി.ഡി.ഇ അറിയിച്ചു. യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ മേലടി ഉപജില്ല ഒന്നാം സ്ഥാനവും ചോമ്പാല ഉപജില്ല രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ എം.യു.എം.എച്ച്.എസ്.എസ് വടകര ഒന്നാം സ്ഥാനവും ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.എസ് മേരിക്കുന്ന് രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളന ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു . പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ആർ.ഡി. ഡി. എം. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാണികളുടെ മനം കവർന്ന് അമൻ ഹാദി. വട്ടോളി എം.ജെ.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഹാദി കലാനിയമങ്ങളെ പൊളിച്ചെഴുതിയാണ് കൈയടി നേടി കാണികളുടെ മനസ്സിലിടം നേടിയത്. ജീവിതത്തിലുടനീളം പതിഞ്ഞുപോയ ശൈലിയിൽനിന്ന് തീർത്തും മാറി ബ്രാഹ്മണ ശൈലി വേദിയിലവതരിപ്പിച്ചത് വളരെ തന്മയത്വത്തോടെയായിരുന്നു.
മദ്റസ ക്ലാസിലെ അറബി ഉച്ചാരണസ്ഫുടത സംസ്കൃതത്തിലും പ്രകടമാക്കിയത് അസാമാന്യ രീതിയിലായിരുന്നു. പരിശീലനം തുടങ്ങിയപ്പോൾ തനിക്ക് മുസ്ലിം ശൈലി മാത്രമായിരുന്നുവെന്നും അഭ്യാസത്തിലൂടെ ഒരു കലാരൂപത്തെ സ്വായത്തമാക്കാൻ കഴിഞ്ഞതായും അമൻ ഹാദി പറയുന്നു. ചമ്പു പ്രഭാഷണത്തിലും പങ്കെടുക്കുന്നുണ്ട്. ജില്ല മദ്റസ പ്രസംഗത്തിൽ സംസ്ഥാന തലത്തിലേക്ക് ഹാദി യോഗ്യത നേടിയിട്ടുമുണ്ട്. കഴിഞ്ഞ തവണ സംസ്കൃത നാടകത്തിലെ മികച്ച നടനുള്ള അവാർഡും നേടിയിരുന്നു.
ജില്ല മത്സരത്തിൽ മോണോ ആക്ടിൽ സെക്കൻഡ് എ ഗ്രേഡ് നേടിയ അമൻ ഹാദി പഠനത്തിലും മിടുക്കനാണെന്ന് പരിശീലകയായ ദിവ്യ ടീച്ചർ പറഞ്ഞു. നല്ലൊരു നടനാകണമെന്ന ആഗ്രഹം മനസ്സിലുണ്ട് ഈ മിടുക്കനായ കലാകാരന്. പ്രവാസ ജീവിതം കഴിഞ്ഞെത്തിയ പിതാവ് അബ്ദുൽ ലത്തീഫും അധ്യാപികയായ മാതാവ് സജീനയും നല്ല പിന്തുണയാണ് നൽകുന്നത്. സഹോദരി നിസ്മ മറിയം ബിരുദ വിദ്യാർഥിനിയാണ്.
കലാമേളയുടെ നാടകവേദിയിൽ ഫലപ്രഖ്യാപനം വന്നപ്പോൾ എല്ലാ വിഭാഗത്തിലും മികച്ച നാടകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ടീച്ചേഴ്സ് തിയറ്റർ @ കാലിക്കറ്റിലെ അധ്യാപകർ സംവിധാനം ചെയ്ത നാടകങ്ങൾ. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് തിരുവങ്ങൂർ എച്ച്.എസ് അരങ്ങിലെത്തിച്ച, ടീച്ചേഴ്സ് തിയറ്റർ @ കാലിക്കറ്റ് അംഗവും ഈ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവ് സംവിധാനം ചെയ്ത ഓസ്കാർ പുരുഷു എന്ന നാടകമാണ്. നിധീഷ് പൂക്കാടിനൊപ്പം ഈ നാടകത്തിന്റെ കലാസംവിധാനം ചെയ്തത് തിയറ്റർ അംഗവും തിരുവങ്ങൂർ എച്ച്.എസ്.എസിലെ കലാധ്യാപകനുമായ ഹാറൂൺ അൽ ഉസ്മാനാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ടീച്ചേഴ്സ് തിയറ്റർ അംഗവും ഉള്ള്യേരി എ.യു.പി സ്കൂളിലെ അധ്യാപകനുമായ നിവേദ് പി.എസിന്റെ സംവിധാനത്തിൽ കോക്കല്ലൂർ എച്ച്.എസ്.എസ് അരങ്ങിലെത്തിച്ച കുമരു എന്ന നാടകം സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. കുമരുവിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചത് ടീച്ചേഴ്സ് തിയറ്റർ അംഗവും രാമല്ലൂർ എ.യു.പി സ്കൂളിലെ അധ്യാപകനുമായ അതുൽ രാജ് രാമല്ലൂരാണ്.
യു.പി വിഭാഗത്തിൽ ടീച്ചേഴ്സ് തിയറ്റർ അംഗവും പുന്നശ്ശേരി എ.യു.പി സ്കൂളിലെ അധ്യാപകനുമായ വിനോദ് പാലങ്ങാടിന്റെ സംവിധാനത്തിൽ അമ്പലപ്പൊയിൽ എ.യു.പി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ശാർദൂലവിക്രീഡിതം എന്ന നാടകം മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിലെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന നാടകപ്രവർത്തകരായ അധ്യാപകരുടെ കൂട്ടായ്മയാണ് ടീച്ചേഴ്സ് തിയറ്റർ അറ്റ് കാലിക്കറ്റ്. കോഴിക്കോട് ഡയറ്റ് ലെക്ചറർ മിത്തു തിമോത്തിയാണ് ഈ കൂട്ടായ്മയുടെ കോഓഡിനേറ്റർ. ടീച്ചേഴ്സ് തിയറ്ററിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർ അരങ്ങിലും അണിയറയിലും എത്തുന്ന പുതിയ നാടകം തയാറാക്കാനുള്ള ശ്രമത്തിലാണ് ടീച്ചേഴ്സ് തിയറ്റർ അംഗങ്ങൾ.
പേരാമ്പ്ര: ചേച്ചീ, കുറച്ചുനേരം ഞങ്ങൾ ഇവിടെ ഇരിക്കട്ടെ... അതിനെന്താ എത്ര വേണമെങ്കിലും ഇരുന്നോളൂ -കലോത്സവ വേദിക്ക് സമീപത്തുള്ള വീട്ടിലെ രാധേച്ചിയുടെ വാക്കുകളാണിത്.
കലോത്സവത്തിൽ വേദിയിൽ കയറുന്നതിനു മുമ്പ് അവസാനവട്ട പരിശീലനത്തിന് വീടുകൾ അന്വേഷിച്ചുനടക്കുന്നത് പതിവാണ്. പേരാമ്പ്രയുടെ ആതിഥ്യത്തിന്റെ കഥകളാണ് മത്സരാർഥികൾക്ക് പറയാനുള്ളത്.
പേരാമ്പ്ര ഹൈസ്കൂൾ കാൻറീനടുത്ത സ്റ്റേജിൽ മത്സരിക്കുന്ന പലരും സ്കൂൾ കുന്നുകയറി എത്തിയത് രാധേച്ചിയുടെ വീട്ടിലേക്കായിരിക്കും. നിറഞ്ഞ സ്നേഹത്തോടെ ഓരോ കുട്ടിയെയും ഹൃദയംകൊണ്ട് സ്വീകരിച്ച് അവർക്ക് അവസാനവട്ട പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു
ഇവർ. ക്ഷീണിക്കുമ്പോൾ നല്ല ഏലക്ക ഇട്ട് തിളപ്പിച്ച ചൂടുവെള്ളവും കൊടുത്ത് രാധേച്ചി മത്സരാർഥികൾക്ക് ഊർജം പകർന്നു. ഓരോ ദിവസവും ഈ കുന്ന് കയറി എത്തിയത് നിരവധി വിദ്യാർഥികളാണ്. ഒരു ദിവസം മാർഗംകളിയുടെ ടീമുകൾ ആയിരുന്നു ഈ വീട്ടിലെത്തിയത്. രാത്രിയാവോളം അവർ വീടിന്റെ മുന്നിലിരുന്ന് അവസാന ഒരുക്കങ്ങൾ നടത്തി. പിന്നെ ഒരു പകൽ രാധേച്ചിയുടെ വീട്ടുമുറ്റം ഗസൽ പൂക്കുന്ന താഴ്വരയായി.
പേരാമ്പ്ര: ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതത്തിലും വയലിനിലും ജില്ലയെ പ്രതിനിധാനംചെയ്ത് സംസ്ഥാന കലോത്സവത്തിൽ പന്തലായനി ഗവ. ഗേൾസ് സ്കൂളിലെ എസ്.എസ്. ദിയ ഉണ്ടാവും. കൊയിലാണ്ടി തൊടുവയൽ സുരേഷ് ബാബുവിന്റെയും ശ്യാമളയുടെയും ഏകമകളാണ് ദിയ. മൃദംഗം, ചെണ്ട കലാകാരനായ അച്ഛനും ഗായികയായ അമ്മക്കും പുറമെ മകളും സംഗീതത്തിലും നാദസ്വരത്തിലും ചുവടുറപ്പിക്കുകയാണ്. ശാസ്ത്രീയ സംഗീതത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ദിയ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.