വളാഞ്ചേരി: 40 ദിവസം പിന്നിട്ടിട്ടും 21കാരിയുടെ തിരോധാനത്തിലെ ദുരൂഹത നീങ്ങിയില്ല. കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴക്കപറമ്പാട്ട് കബീറിെൻറ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്.
പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും വിവരം ലഭ്യമായിട്ടില്ല. വെട്ടിച്ചിറയിലെ ഡെൻറല്‍ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന സുബീറ മാർച്ച് 10ന് രാവിലെ ക്ലിനിക്കിലേക്ക് പോയതാണ്.
റോഡിന് സമീപത്തെ വീട്ടിലെ സി.സി.ടി.വിയിലും കാണാതായ ദിവസം യുവതി പോകുന്ന ദൃശ്യം പതിഞ്ഞിട്ടില്ല. ജോലിസ്ഥലത്തെത്തിയിട്ടില്ലെന്നും ഫോണിൽ ലഭ്യമല്ലെന്നും ക്ലിനിക്കിലെ ഡോക്ടർ അറിയിച്ചതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ആദ്യം റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫായി.
2019ൽ വിവാഹം കഴിഞ്ഞ യുവതി വിവാഹമോചിതയാണ്. അസ്വാഭാവിക പെരുമാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് ബന്ധുക്കളും വീട്ടുകാരും പറയുന്നു. വളാഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയും ഫോൺ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഗൾഫിൽ ജോലി ചെയ്തിരുന്ന പിതാവ് കബീർ വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.