മാറഞ്ചേരി: വിദ്യാർഥി ബാഹുല്യവും സ്ഥല പരിമിതി മൂലവും പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ വികസന കുതിപ്പിന് കളമൊരുങ്ങുന്നു. സ്കൂളിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലം ഏറ്റെടുത്ത് അത്യാധുനിക സൗകര്യങ്ങളൊരുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ജില്ല പഞ്ചായത്ത് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചുള്ള 46.62 സെന്റ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയായി. ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്കൂളിന് ഭൂമി വാങ്ങാൻ ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക അനുവദിച്ചത്. ഡിവിഷൻ മെമ്പർ എ.കെ. സുബൈറിന്റെ നിരന്തര ഇടപെടൽ മൂലമാണ് തുക അനുവദിച്ച് ഭൂമി ലഭ്യമാക്കിയത്. ഒരേക്കർ ഭൂമി വാങ്ങാൻ മൂന്ന് കോടിയിലധികം രൂപയാണ് ചെലവ് വരുക. ബാക്കി സ്ഥലത്തിനായി പി.നന്ദകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിക്കും. ഇതിന് പുറമെ പ്രമുഖ പ്രവാസി വ്യവസായിയും കെ.എം. ട്രേഡിങ് എം.ഡി.യുമായ കെ.എം. മുഹമ്മദ് ഹാജി പത്ത് സെന്റ് സ്ഥലം വാങ്ങാൻ 29 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
2019 -ൽ സ്ഥലം എം.എൽ.എ യും നിയമസഭാ സ്പീക്കറുമായിരുന്ന പി. ശ്രീരാമ കൃഷ്ണന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ കോവിഡ് പ്രതിസന്ധി മൂലം മന്ദഗതിയിലായിരുന്നു. പദ്ധതിയിലേക്ക് അന്നുതന്നെ സഫാരി ഗ്രൂപ്പ് എം.ഡി മാടപ്പാട്ട് അബു 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പദ്ധതിക്കാവശ്യമായ ബാക്കി തുക രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ സമാഹരിക്കാനാണ് സ്കൂൾ വികസന സമിതി തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.