മഞ്ചേരി: ഒരിടളവേളക്കുശേഷം നഗരത്തിൽ രണ്ടിടങ്ങളിലായി മോഷണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തിരുവായപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തുറക്കലിൽ മലബാർ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യാഗ്മ കബാബ്സ് റസ്റ്റാറൻറിലുമാണ് മോഷ്ടാവ് എത്തിയത്. ക്ഷേത്രത്തിൽനിന്ന് ഏകദേശം 10,000 രൂപ കവർന്നു. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ച അഞ്ചിന് ക്ഷേത്രം തുറക്കാനെത്തിയ മേൽശാന്തിയാണ് ഭണ്ഡാരം തുറന്നുകിടക്കുന്നത് കണ്ടത്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഭക്തർ സമർപ്പിച്ച തുകയാണ് ഭണ്ഡാരത്തിൽ ഉണ്ടായിരുന്നത്. ഇതാണ് നഷ്ടമായത്.
ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരം തകർത്ത ശേഷം ഓഫിസ് മുറിയിലേക്ക് മോഷ്ടാവ് എത്തിയ വഴിയിൽ വിലപിടിപ്പുള്ള വിളക്കുകളും ചെമ്പുപാത്രങ്ങളും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഓഫിസ് മുറിയിലെ രണ്ട് അലമാരകളുടെ പൂട്ട് തകർത്തു. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ പ്രവേശന കവാടം ചാടികടന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് കരുതുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിധഗ്ധരും ക്ഷേത്രത്തിലെത്തിലെത്തി പരിശോധന നടത്തി. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ബിനോയ് ഭാസ്കറിന്റെ പരാതിയിൽ മഞ്ചേരി പൊലീസ് കേസെടുത്തു. മഞ്ചേരി സി.ഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പരിസരത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ പുലർച്ച 1.15നും 2.20നും ഇടയിൽ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.
ബുധനാഴ്ച പുലർച്ച 2.25നാണ് തുറക്കൽ യാഗ്മ കബാബ്സ് റസ്റ്റാറൻറിൽ മോഷ്ടാവ് എത്തിയത്. രാത്രി 12ന് കടയടച്ച് പോയതായിരുന്നു കടയുടമ. രാവിലെ 10.30ന് റസ്റ്റാറൻറ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. റസ്റ്റാറൻറിൽനിന്ന് പണം നഷ്ടമായിട്ടില്ല. മോഷ്ടാവ് ടോർച്ച് തെളിച്ച് സ്ഥാപനത്തിനകത്തെ ഷെൽഫിന്റെ അടുത്തേക്ക് നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുണ്ടും ടീഷർട്ടും ധരിച്ച് തലയിൽ മുണ്ടിട്ടാണ് മോഷ്ടാവ് എത്തിയത്. ഷെൽഫിലെ പേപ്പറുകളും ബില്ലുകളും മറിച്ച് തിരഞ്ഞ നിലയിലായിരുന്നു. കൂടുതൽ ഇടപാടുകളും ഓൺലൈൻ മുഖേന ആയതിനാൽ ചെറിയ തുക മാത്രമാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ഇത് നഷ്ടപ്പെട്ടിട്ടില്ല. റസ്റ്റാറൻറ് ഉടമ പി.കെ ഹസൻ പൊലിസിൽ പരാതി നൽകി. കഴിഞ്ഞ വർഷം എട്ടിയോട്ട് ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.