ആലിപ്പറമ്പ്: മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആലിപ്പറമ്പ് കാളികടവിൽ പാലത്തിന്റെ അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പ്രവർത്തനങ്ങൾക്ക് അധിക തുക ആവശ്യപ്പെട്ട് മരാമത്ത് വകുപ്പ് സർക്കാറിന് കത്ത് നൽകി. 4.2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുക ആവശ്യപ്പെട്ട് മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകി. 2014ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി എട്ടു കോടി രൂപ കൊണ്ട് പൂർത്തിയാക്കാമെന്ന് പ്രതീക്ഷ പദ്ധതി അപ്രോച്ച് റോഡില്ലാതെ മുടങ്ങിയതാണ്. പിന്നീട് 2021ൽ സംസ്ഥാന ബജറ്റിൽ നൂറു രൂപ ടോക്കൺ വിഹിതം വെച്ചിരുന്നു.
പാലത്തിനായി നാട്ടുകാർ മുറവിളി കൂട്ടിയാണ് പദ്ധതി രണ്ടാം ഘട്ടത്തിൽ ചലനമുണ്ടാക്കിയത്. അപ്രോച്ച് റോഡിന് ഭൂമി കണ്ടെത്താൻ സർക്കാറോ, മരാമത്ത് വകുപ്പോ വിഹിതം നൽകില്ലെന്നതിനാൽ ആവശ്യമായ പണം നാട്ടുകാർ കണ്ടെത്തുന്ന പ്രവർത്തനങ്ങളിലാണ്. ആലിപ്പറമ്പ് പഞ്ചായത്ത് പരിധിയിൽ വരുന്ന 42 സെന്റ് സ്ഥലം ലഭ്യമാക്കാൻ 35 ലക്ഷം രൂപ വേണം. ഇതിൽ പത്തുലക്ഷം ആലിപ്പറമ്പ് പഞ്ചായത്തും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തും വകയിരുത്തും.
ശേഷിക്കുന്ന 25 ലക്ഷം നാട്ടുകാരിൽനിന്ന് സ്വരൂപിക്കുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഏഴു ഉടമകളിൽ നിന്നായി ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ പ്രാരംഭ പ്രവർത്തനം പൂർത്തിയായെന്നും ആദ്യ വിഹിതം കൈമാറിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അഡീഷണൽ ഇൻവെസ്റ്റിഗേഷന് തുക അനുവദിക്കുന്നതോടെ ഭൂമി പരിശോധനയും അളന്ന് അനുയോജ്യമാണെന്ന് ഉറപ്പാക്കലുമടക്കം പണികൾ മുന്നോട്ട് നീങ്ങും. പദ്ധതിക്ക് പുതിയ എസ്റ്റിമേറ്റ് തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.