ആലിപ്പറമ്പ്: ഗ്രാമപഞ്ചായത്ത് നിലനിൽക്കുന്ന ആലിപ്പറമ്പിൽ നിലവിലെ പ്രസിഡന്റിനെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ചയും വോട്ടെടുപ്പും 25ന്. മൂന്നു മണിക്കൂർ വരെ ചർച്ചക്ക് അവസരമുണ്ട്. ചർച്ചക്ക് ശേഷം വോട്ടെടുപ്പാണ്. വോട്ടെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമായ 11 പേരുടെ പിന്തുണയുണ്ടെങ്കിൽ നിലവിലെ പ്രസിഡന്റിന് തുടരാം. അല്ലാത്ത പക്ഷം അവിശ്വാസം പാസായതായി കാണിച്ച് തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകലാണ് വരാണാധികാരിയുടെ ചുമതല.
മുസ്ലിം ലീഗ് അംഗം പ്രസിഡന്റ് പദത്തിൽ തുടർന്നു വരുന്ന ആലിപ്പറമ്പിൽ 21 അംഗ ഭരണസമിതിയിൽ ലീഗിന് 13, കോൺഗ്രസിന് ഒന്ന്, സി.പി.എമ്മിന് ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. കെ.ടി.അഫ്സലിനെയാണ് പ്രസിഡന്റാക്കാൻ നിശ്ചയിച്ചതെങ്കിലും സി.ടി. നൗഷാദലിക്കും അവസരം നൽകണമെന്ന് ഒരു വിഭാഗം വാദിച്ചതോടെ ആദ്യ ഒരു വർഷം സി.ടി. നൗഷാദലിക്കും ശേഷിക്കുന്ന സമയം കെ.ടി. അഫ്സലിനും നൽകാനായിരുന്നു ലീഗിൽ ധാരണ. ഒറ്റ അംഗം മാത്രമായതിനാൽ കോൺഗ്രസിന് വൈസ് പ്രസിഡന്റ് പദം നൽകിയില്ല. വർഷം കഴിഞ്ഞ് കെ.ടി. അഫ്സൽ ചുമതലയേറ്റു. വീണ്ടും ഒരു വർഷം കഴിഞ്ഞതോടെയാണ് സ്ഥിരസമിതി അധ്യക്ഷൻ അബ്ദുൽ മജീദിന് കൂടി അവസരം നൽകാൻ ധാരണയുണ്ടായിരുന്നെന്നും രാജി വെക്കണമെന്നും അഫ്സലിനോട് ആവശ്യപ്പെടുന്നത്. ഇങ്ങനെ ഒരു ചർച്ചയോ ധാരണയോ ഇല്ലാത്തതിനാൽ രാജി വെക്കില്ലെന്ന് അറിയിച്ചപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മുസ്ലിം ലീഗിൽ തന്നെ ചില അംഗങ്ങളുടെ പിന്തുണയും അഫ്സലിനുണ്ട്. സി.പി.എം നിലപാട് എന്താവുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.