മലപ്പുറം: ശോച്യാവസ്ഥയിലായ കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടം മാറ്റുന്നതിന് താൽക്കാലിക സ്ഥലം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ കൗൺസിൽ യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി. ഉപസമിതി രണ്ട് ദിവസത്തിനകം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണം.
ഈ റിപ്പോർട്ട് ജൂലൈ 11ന് രാവിലെ ചേരുന്ന സ്പെഷൽ കൗൺസിൽ യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദാണ് ഉപസമിതി ചെയർമാൻ. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സെക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സി. സുരേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജൻ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. ഉപസമിതി ചൊവ്വ, ബുധൻ ദിവസങ്ങളിൽ നഗരത്തിലെ സൗകര്യപ്രദമായ സ്ഥലം വിലയിരുത്തി റിപ്പോർട്ട് തയാറാക്കും.
നിലവിൽ കോട്ടപ്പടിയിലെ അബ്ദുറഹ്മാൻ സ്മാരക മന്ദിരം, കോട്ടപ്പടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം എന്നിവയാണ് ആശുപത്രിക്കായി പരിഗണിക്കുന്നത്. ഇവയുടെ സാഹചര്യം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജൻ വിശദീകരിച്ചു. ആശുപത്രിയുടെ ഒ.പി പ്രവർത്തിപ്പിക്കാൻ അബ്ദുറഹ്മാൻ സ്മാരക മന്ദിരം ഉപയോഗപ്പെടുത്താനാകുമെന്നും എന്നാൽ കുട്ടികളുടെ വിഭാഗം, മെഡിക്കൽ എന്നിവ മാറ്റുന്നതിന് അനുയോജ്യമായ കെട്ടിടം കണ്ടെത്താൻ പ്രയാസം നേരിടുന്നുണ്ടെന്നും സൂപ്രണ്ട് വിവരിച്ചു.
കൂടാതെ ഫാർമസി, സ്റ്റോർ, എക്സ്റേ എന്നിവക്കും മാറ്റുന്നതിനും സൗകര്യപ്രദമായ കെട്ടിടം വേണം. ശോച്യാവസ്ഥ മുന്നിൽകണ്ട് പുതിയ രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇത് ആശുപത്രിയും വരുമാനം കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും ജീവനക്കാർ ഭീതിയിലാണെന്നും സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു. വിഷയം ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11 ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്നും ജൂലൈ 15 മുതൽ നടപടി പ്രയോഗിക തലത്തിൽ കൊണ്ടുവരാമെന്നും നഗരസഭാധ്യക്ഷൻ മുജീബ് കാടേരി യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.