കരുവാരകുണ്ട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിന് പിന്നാലെ മലയോരത്തിന് ഇരുട്ടടിയായി വനം വകുപ്പിന്റെ ബില്ലും. 1961ലെ വനം നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ബില്ലാണ് മലയോര കർഷകരിലും മലയോര പഞ്ചായത്തുകളിലെ കുടുംബങ്ങളിലും ആശങ്ക പടർത്തുന്നത്.
ഫോറസ്റ്റ് ബീറ്റ് ഓഫിസർമാർ, സെക്ഷൻ ഓഫിസർമാർ എന്നിവർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ കർഷകർക്കും ഭൂവുടമകൾക്കും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുറപ്പ്.
കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയോ അവർക്കെതിരെ പ്രതിഷേധിക്കുകയോ ചെയ്യുന്നവർക്കെതിരെ കേസെടുക്കാനും വനം ജീവനക്കാർക്ക് ഇതുവഴി സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ഈ മേഖലയെ പ്രശ്ന കലുഷിതമാക്കും എന്നാണ് കർഷകരുടെ ആശങ്ക. 64.2 ച. കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ 20.5 ച. കിലോമീറ്റർ ഭാഗവും വനപ്രദേശമാണ്. കേരള എസ്റ്റേറ്റ്, കൽക്കുണ്ട്, പുൽവെട്ട, ഇരിങ്ങാട്ടിരി മേഖലകളിലെ നൂറുകണക്കിന് ഹെക്ടർ കൃഷിഭൂമി വനവുമായി അതിർത്തി പങ്കിടുന്നുണ്ട്. കൃഷിയും അനുബന്ധ തൊഴിലുകളുമായി നിരവധി കുടുംബങ്ങളുടെ പ്രധാന ജീവിതം കൂടിയാണ് ഈ മേഖല.
അതുകൊണ്ട് തന്നെ വനം നിയമ ഭേദഗതി ബിൽ ഗ്രാമപഞ്ചായത്തിലെ പകുതിയോളം ജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുമെന്നുറപ്പാണ്. കാട്ടാനകൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. സംസ്ഥാന പാതയിൽ വരെ ആനകൾ എത്തുന്നുണ്ട്. കാട്ടുപന്നികളും കുരങ്ങുകളും കൃഷിയിടം വിട്ടുപോകുന്നേയില്ല. കടുവയും പുലിയും വളർത്തുജീവികളെ വീടുകളിലെത്തി വേട്ടയാടുന്നു. കാട്ടുപോത്തുകൾ വീട്ടുമുറ്റത്തെത്തി ആളുകളെ ആക്രമിക്കുന്നു. വിവരം അറിയിച്ചാൽ പോലും വനപാലകർ സ്ഥലത്തെത്താൻ വൈകുന്നെന്ന് പരാതിയുണ്ട്. ഇത്തരം വേളകളിൽ നാട്ടുകാർ തന്നെയാണ് ജീവികളെ കാട് കയറ്റാറുള്ളത്. പുതിയ ബിൽ നിയമമായാൽ ഇതും കുറ്റകൃത്യമായി കണ്ട് അറസ്റ്റ് ഉണ്ടാവാം. വനപാലകർക്കെതിരെ പ്രതിഷേധിക്കുന്നവരുടെ പേരിൽ കേസെടുത്തേക്കാം. കാട്ടുമൃഗങ്ങൾ നിരന്തരം നാട്ടിലിറങ്ങുന്നതിനും കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നതിനും പരിഹാരം കാണാതെ വീണ്ടും തങ്ങളെ പ്രതികളാക്കാനുള്ള ബിൽ അനുവദിക്കില്ലെന്നാണ് കർഷകരുടെയും മലയോര കുടുംബങ്ങളുടെയും നിലപാട്.
അതേസമയം, ബിൽ വിഷയത്തിൽ രേഖാമൂലം പരാതി നൽകാത്ത രാഷ്ട്രീയ പാർട്ടികളുടെ നിലപാടിലും കുടുംബങ്ങൾക്ക് അമർഷമുണ്ട്.
കരുവാരകുണ്ട്: വനം നിയമ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച് തിങ്കളാഴ്ച രാത്രി കരുവാരകുണ്ടിൽ നടക്കും. ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ബിൽ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംയുക്ത കർഷകസംഘം വ്യാഴാഴ്ച രാത്രി ആറിന് കിഴക്കേത്തലയിൽ സായാഹ്ന ധർണ നടത്തും. കർഷക കൂട്ടായ്മയായ കിഫയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.