അരീക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജി രാജിെവച്ചു. മൂന്നുവർഷം മുസ്ലിം ലീഗ് അംഗം പ്രസിഡന്റും രണ്ടുവർഷം കോൺഗ്രസ് അംഗം പ്രസിഡന്റും എന്ന യു.ഡി.എഫിലെ ധാരണപ്രകാരമാണ് രാജി. ചൊവ്വാഴ്ച വൈകീട്ട് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ഷാജുവിന് രാജിക്കത്ത് കൈമാറി.
ഡിസംബറിൽ ഭരണസമിതി മൂന്നു വർഷം പൂർത്തിയാക്കിയിരുന്നു. പ്രസിഡന്റിന്റെ രാജി നീണ്ടതോടെ പഞ്ചായത്തിലെ ഏക കോൺഗ്രസ് അംഗം നൗഷിർ കല്ലട സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കഴിഞ്ഞ ജനുവരി 27ന് രാജി വെച്ചിരുന്നു. നൗഷിറിന്റെ രാജി ലീഗ്-കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കി.
18 അംഗ ഭരണസമിതിയിൽ എട്ട് സി.പി.എം അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും ഒമ്പത് മുസ്ലിം ലീഗ് അംഗങ്ങളുമാണ്. എന്നാൽ, ലീഗ് അംഗങ്ങളായ സൈനബ പട്ടീരി, ഷിംജിത മുസ്തഫ എന്നിവർ വിദേശത്താണ്. ഇവർ നാട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഡിസംബറിൽ മൂന്നുവർഷം പൂർത്തിയായിട്ടും രാജി നീണ്ടുപോകാൻ ഇടയാക്കിയതെന്നായിരുന്നു ലീഗ് നേതൃത്വം അറിയിച്ചിരുന്നത്.
അഭിപ്രായ വ്യത്യാസം മുതലെടുത്ത് എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവന്നു. എന്നാൽ, യു.ഡി.എഫ് ഒറ്റക്കെട്ടായി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച പുതിയ ബജറ്റും പാസാക്കിയ ശേഷം അബ്ദു ഹാജി സ്ഥാനം ഒഴിഞ്ഞത്. പുതിയ പ്രസിഡന്റായി കോൺഗ്രസിലെ നൗഷിർ കല്ലട ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.