അരീക്കോട്: അരീക്കോട് മേൽമുറി പുളിയക്കോട്ട് വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 30,47,300 രൂപയുടെ കുഴൽപണവുമായി എട്ടംഗ സംഘം പിടിയിൽ. മേൽമുറി പുളിയക്കോട് സ്വദേശികളായ മുള്ളൻചക്കിട്ടക്കണ്ടിയിൽ വീട്ടിൽ യൂസഫലി (26), കൊട്ടക്കാടൻ വീട്ടിൽ ഇസ്മായിൽ (36), ഓട്ടുപാറ വീട്ടിൽ സലാഹുദ്ദീൻ (21), മലയൻ വീട്ടിൽ ഫാഹിദ് (23), ചാത്തനാടിയിൽ വീട്ടിൽ ഫൈസൽ( 22), കൊട്ടക്കാടൻ വീട്ടിൽ സൽമാനുൽ ഫാരിസ്( 23), കണ്ണൻകുളവൻ വീട്ടിൽ മുഹമ്മദ് ശാക്കിർ (22), കാളികാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടൻ വീട്ടിൽ ജാബിർ (35) എന്നിവരെയാണ് അരീക്കോട് എസ്.ഐ എം.കെ നവീൻ ഷാജു അറസ്റ്റ് ചെയ്തത്. മാസങ്ങളായി പുളിയക്കോട്ട് ഈ പഴയ വീട് കേന്ദ്രീകരിച്ച് കുഴൽപണ ഇടപാട് നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ പറഞ്ഞു.
കോടികളുടെ കള്ളപ്പണ രേഖകളും നോട്ടെണ്ണൽ യന്ത്രങ്ങൾ, അഞ്ച് കാൽക്കുലേറ്ററുകൾ, പേപ്പർ കട്ടർ, 14 മൊബൈൽ ഫോണുകൾ, ആറ് ബൈക്കുകൾ എന്നിവയും പിടികൂടി. 500 രൂപയുടെ കെട്ടുകളാക്കിയാണ് സൂക്ഷിച്ചിരുന്നത്. ജില്ലയിൽ ചില്ലറ വിതരണത്തിനുള്ള പണം ഇവിടെയാണ് എത്തിച്ചിരുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വൻ സംഘത്തിന്റെ കണ്ണികളാണെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 784/24,111 (3),111 (7) പ്രകാരമാണ് കേസ്.
ബി.എൻ.എസ് പ്രകാരം ജില്ലയിൽ കുഴൽപണ വേട്ടയിലെടുക്കുന്ന രണ്ടാമത്തെ കേസാണിത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കും. ഡിവൈഎസ്.പി എ. ഷിബു, എസ്.ഐമാരായ നവീൻ ഷാജു, കബീർ, എസ്.ഐ ശശികുമാർ, എ.എസ്.ഐ സ്വയംപ്രഭ, സി.പി.ഒമാരായ അഖിൽദാസ്, സുനിൽകുമാർ, അനിൽകുമാർ, സജീഷ്, ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡംഗങ്ങളായ അഭിലാഷ്, സുനിൽ, സുനിൽ, നവീൻ, ജിയോ ജേക്കബ്, കൃഷ്ണദാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.