അരീക്കോട്: അരീക്കോട് വെസ്റ്റ് ജി.എം.എൽ.പി സ്കൂളിന് സ്വന്തം കെട്ടിടം വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് വേദിയിലെത്തി പരാതി നൽകി. അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ മന്ത്രി സംസാരിക്കുന്നതിന് മുമ്പായിരുന്നു വിദ്യാർഥികൾ പരാതിയുമായി എത്തിയത്.മുമ്പ് 400 വിദ്യാർഥികൾ പഠിച്ചിരുന്ന അരീക്കോട്ടെ പ്രധാന സ്കൂളായിരുന്നു ഇത്. എന്നാൽ, ഇപ്പോൾ സൗകര്യങ്ങൾ കുറഞ്ഞതോടെ കുട്ടികളുടെ എണ്ണവും കുറഞ്ഞു. നിലവിൽ 76 കുട്ടികളും 12 അധ്യാപകരുമാണുള്ളത്. കുട്ടികൾ ആവശ്യം പറഞ്ഞപ്പോൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
അൽപനേരം മന്ത്രിയുമായി ചെലവഴിച്ച സ്കൂളിലെ നാരായണൻ മാഷും കുട്ടികളും സെൽഫിയുമെടുത്താണ് മടങ്ങിയത്. വാർഡ് അംഗങ്ങളായ ജമീല ബാബുവും കെ. സാദിലും വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്നു.
അരീക്കോട്: ജി.എം.എൽ.പി സ്കൂളിന് കെട്ടിടം നിർമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പണം അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഏറനാട് മണ്ഡലം നവകേരള സദസ്സിൽ വിദ്യാർഥികൾ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. നിവേദനം സ്വീകരിച്ച മന്ത്രി വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സ്കൂളിന് കെട്ടിടം പണിയാൻ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ കെട്ടിടത്തിനായി ഭൂമി കണ്ടെത്തി ഏറ്റെടുക്കണം. അരീക്കോട് ഉൾക്കൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. ഭൂമി ലഭിക്കുന്ന മുറക്ക് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അപേക്ഷിച്ചാൽ താമസം കൂടാതെ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.