അരീക്കോട്: ഏറനാട് മണ്ഡലത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികൾ പനി ബാധിച്ച് മരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ പി.കെ ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക അധ്യക്ഷത വഹിച്ചു. മരിച്ച ഒരു കുട്ടിക്ക് അഞ്ചാംപനി ബാധിച്ചതാണെന്നും ഈ കുട്ടി കുത്തിവെപ്പ് എടുത്തിട്ടില്ലെന്നും മറ്റു രണ്ടു പേർക്കും ബാധിച്ചത് ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാവനൂർ, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തിന്റെ അതിർത്തി എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. കാവനൂർ പഞ്ചായത്തിലെ 18, 19 വാർഡുകളിലെ നിരവധി കുട്ടികൾ പ്രതിരോധകുത്തിവെപ്പ് നടത്തിയിട്ടില്ലെന്നും ഇത് രോഗങ്ങൾ വ്യാപിക്കാൻ ഇടയാക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തിൽ അടിയന്തിര നടപടികളെക്കുറിച്ച് ആലോചിക്കാനായി 15ന് ഉച്ചക്ക് 12ന് എടവണ്ണയിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലേയും വാർഡ് അംഗങ്ങളുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും യോഗം ചേർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.