അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ താൽക്കാലിക അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. ഇതിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ആറ് ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരായ അസ്മത്ത് തസ്നി, മുഹമ്മദ് ഫൈസൽ, കെ. മുഹമ്മദ് യാസിർ, ബി. സാബിൻ, എം. യഹിയ അബ്ദുൽ ബാസിത്ത്, ടി. ഹനീഫ ഹുസൈൻ എന്നിവരെയാണ് നിയമിച്ചത്. ഈ ഡോക്ടർമാർ നവംബർ 28ന് ജോലിയിൽ പ്രവേശിക്കണമെന്നും ഈ ഉത്തരവിൽ പറയുന്നു.
വിഷയത്തിൽ കുറെ മാസങ്ങളായി ‘മാധ്യമം’ വാർത്തകൾ നൽകിയിരുന്നു. 2013ലാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ, പിന്നീടുള്ള വികസനം പേരിലും ബോർഡിലും മാത്രമായി ഒതുങ്ങി. നിരവധി തവണ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, വിവിധ വകുപ്പുകൾ എന്നിവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നിരന്തരം പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായിരുന്നില്ല.
തുടർന്ന് വീണ്ടും പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ആർദ്രം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 20ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചത്. ഈ സമയം വലിയ ജനക്കൂട്ടം ആശുപത്രിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മന്ത്രിക്ക് പരാതിയും നിവേദനവും നൽകിയിരുന്നു.
ഇതോടെ കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ മന്ത്രി വിഷയത്തിൽ ഇടപെട്ട് ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം ഉടൻ ആരംഭിക്കാമെന്ന് ജനക്കൂട്ടത്തിന് വാക്കും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്ത് ചേർന്ന യോഗത്തിനു ശേഷമാണ് നീണ്ട 10 വർഷങ്ങൾക്കുശേഷം അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
പ്രതിദിനം 1200 രോഗികൾ ഇവിടെ ഒ.പിയിൽ എത്തുന്നുണ്ട്. അവർക്കുള്ള കിടത്തി ചികിത്സ, പ്രസവം, 24 മണിക്കൂർ അത്യാഹിത വിഭാഗം, മറ്റു താലൂക്ക് ആശുപത്രികളെ പോലെയുള്ള സൗകര്യങ്ങൾ എന്നിവ വേണമെന്നാണ് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാമെന്ന് ആരോഗ്യമന്ത്രി വാക്കും നൽകിയിരുന്നു. ഇതിന്റെ ആദ്യഘട്ട നടപടിയായാണ് ഇപ്പോൾ അത്യാഹിത വിഭാഗം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.