അരീക്കോട്: കാൽപന്തുകളിയുടെ ഈറ്റിലമായ അരീക്കോട് തെരട്ടമ്മലിൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മത്സരത്തിന് കൊടിയേറി. തെരട്ടമ്മൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏഴാമത് സി. ജാബിർ-കെ.എം. മുനീർ മെമ്മോറിയൽ മൈജി അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ ആസിഫ് സഹീർ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ ഒരു ഗോളിന് റിയൽ എഫ്.സി തെന്നലയെ പരാജയപ്പെടുത്തി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജേതാക്കളായി. ഇരു ടീമുകളും നൈജീരിയൻ താരങ്ങളെ ഉൾപ്പെടെ അണിനിരത്തി വാശിയേറിയ പോരാട്ടമാണ് തെരട്ടമ്മൽ പഞ്ചായത്ത് െഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ കാഴ്ചവച്ചത്.
സെവൻസ് ഫുട്ബാൾ അസോസിയേഷന് കീഴിലുള്ള 28 ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വെടിക്കെട്ടും ബാൻഡ് മേളവുമുൾപ്പെടെ വർണാഭമായ ആഘോഷങ്ങളോടെ തുടങ്ങിയ ആദ്യം മത്സരം കാണാൻ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ഫുട്ബാൾ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്.
ഏറനാട് ഡയാലിസിസ് സെന്റർ പാലിയേറ്റീവ് കെയറിലേക്കുള്ള ധനശേഖരണമാണ് ടൂർണമെന്റിലൂടെ സംഘാടകർ ലക്ഷ്യം വെക്കുന്നത്. ടൂർണമെന്റ് പൂർത്തിയാകുന്നത് വരെ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
പാലത്തിങ്ങൽ ബാപ്പുട്ടി, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ എ. ഹബീബുല്ല, എസ്.എഫ്.എ സംസ്ഥാന പ്രസിഡന്റ് ഹംസ, എസ്.എഫ്.എ ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ, ടി.പി. അൻവർ, ഷിജോ ആനറാണി, എ.കെ. സകീർ എന്നിവർ പങ്കെടുത്തു. സൗദി പൗരന്മാരായ മർവ, അബ്ദുൽ അസീസ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
അരീക്കോട്: തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മത്സരത്തിന്റെ ഭാഗമായി മാധ്യമം പുറത്തിറക്കിയ സ്പെഷ്യൽ സപ്ലിമെന്റ് ‘തെരട്ടമ്മലോള’ത്തിന്റെ വിതരണോദ്ഘാടനം മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ആസിഫ് സഹീർ നിർവഹിച്ചു.
ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ എൻ.കെ. ഷൗക്കത്തലി, പാലത്തിങ്ങൽ ബാപ്പുട്ടി, എ.എം. ഹബീബുള്ള, ടി.പി. റശീദലി, ടി.പി. അൻവർ, സി. റഫീഖ് ഈപ്പൻ, സൗദി പൗരന്മാരായ അബ്ദുൽ അസീസ്, മർവ, കെ.ടി. അബ്ദുറഹ്മാൻ, ശരീഫ്, എൻ.കെ. സമദ്, സാദിക്ക്, യാസർ അറഫാത്ത്, കെ. ഉബൈദ്, യു. റഹീം, മാധ്യമം പ്രതിനിധികളായ യാസീൻ ബിൻ യൂസഫലി, മുനീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.