അരീക്കോട്: ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും എങ്ങുമെത്താതെ അരീക്കോട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം. കീഴുപറമ്പ് സ്വദേശി ന്യൂനപക്ഷ കമീഷനിൽ നൽകിയ പരാതിയിൽ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുമെന്നാണ് മറുപടി നൽകിയത്.
കമീഷൻ അംഗം എ. സൈഫുദ്ദീൻ മലപ്പുറത്ത് നടത്തിയ സിറ്റിങിൽ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. ജീവനക്കാരുടെ കുറവ് മൂലം ആശുപത്രിയിൽ രാത്രി എട്ടിന് ശേഷം ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കമീഷനെ സമീപിച്ചത്.
പത്തുവർഷം മുമ്പാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ ഈ സമയം ചില നിയമനങ്ങൾ നടത്തിയതൊഴിച്ചാൽ പിന്നീടുള്ള വികസനം ഫ്ലക്സുകളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങി.
ഇതോടെ പ്രദേശവാസികളുടെ വലിയ പ്രതിഷേധങ്ങളും നടന്നു. എന്നിട്ടും അത്യാഹിത വിഭാഗം ആരംഭിക്കാൻ ഒരു നടപടിയും ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് ആർദ്രം പരിപാടിയുടെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ് താലൂക്ക് ആശുപത്രി സന്ദർശിച്ചപ്പോഴും നിരവധി പേർ പരാതിയുമായി എത്തി. തുടർന്ന് വൈകാതെ അത്യാഹിത വിഭാഗം ആരംഭിക്കുമെന്ന് മന്ത്രിയും വാക്കും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്ത് ചേർന്ന യോഗത്തിനുശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ആറ് ഡോക്ടർമാരെ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് നിയോഗിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് വിഭാഗം വൈകാൻ കാരണമെന്നാണ് ഇപ്പോഴറിയുന്നത്. ഇതിന് പിന്നാലെയാണ് അത്യാഹിത വിഭാഗം ഉടൻ ആരംഭിക്കുമെന്ന് മലപ്പുറത്ത് നടന്ന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിലും അറിയിച്ചിട്ടുള്ളത്. പ്രദേശവാസികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് അത്യാഹിത വിഭാഗം ഉടൻ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.