അരീക്കോട്: കാവനൂർ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ പി.വി. ഉസ്മാൻ തന്നെ തുടരും. കോൺഗ്രസ് പിന്തുണയിൽ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പി.വി. ഉസ്മാന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് ബുധനാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ മുസ്ലിം ലീഗിന് ഒറ്റക്ക് ഭരണം ലഭിച്ചത്.
19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ലീഗിന് ഒമ്പത്, സി.പി.എമ്മിന് ഏഴ്, കോൺഗ്രസിന് മൂന്ന് അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗിന്റെ എല്ലാ അംഗങ്ങളും പി.വി. ഉസ്മാനും സി.പി.എമ്മിന്റെ എല്ലാ അംഗങ്ങളും അവരുടെ സ്ഥാനാർഥി രാമചന്ദ്രനും വോട്ട് ചെയ്തു. കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷഹർബാൻ ശരീഫ് വിട്ടുനിന്നു. മറ്റു കോൺഗ്രസ് അംഗങ്ങളായ മുൻ വൈസ് പ്രസിഡന്റ് ദിവ്യ രതീഷ്, അനിത രാജൻ എന്നിവരുടെ വോട്ട് അസാധുവായി.
നേരത്തേ സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളും വോട്ട് ചെയ്തിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നായിരുന്നു കാവനൂരിലെ മുസ്ലിം ലീഗ് നേതൃത്വം കരുതിയിരുന്നത്. എന്നാൽ, കോൺഗ്രസ് സംസ്ഥാന-ജില്ല നേതാക്കൾ ഒരു തരത്തിലും സി.പി.എമ്മിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ പഞ്ചായത്ത് അംഗങ്ങളെ സമ്മതിച്ചില്ല. മലപ്പുറത്തെ ശക്തമായ യു.ഡി.എഫ് ബന്ധമാണ് കോൺഗ്രസ് നേതാക്കളെ ഈ നിലപാടിലേക്ക് നയിച്ചത്. കാവനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് ഇതുണ്ടാക്കിയത്. അജൈവ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട തർക്കമാണ് പഞ്ചായത്തിൽ ലീഗ്-കോൺഗ്രസ് ഭിന്നതക്ക് കാരണമായത്.
തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിംലീഗ് പ്രവർത്തകർ കാവനൂർ അങ്ങാടിയിൽ പ്രകടനം നടത്തി. കാലാവധി പൂർത്തിയാകുന്നതുവരെ മികച്ച രീതിയിൽ ഭരണം കൊണ്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാൻ പറഞ്ഞു. എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.