അരീക്കോട്: അരീക്കോട് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി നൗഷർ കല്ലടയെ തെരഞ്ഞെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ടി.കെ.ടി അബ്ദു ഹാജി യു.ഡി.എഫിലെ ധാരണയെ തടർന്ന് മൂന്നു വർഷത്തെ ഭരണസമിതി കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ. ഷാദിലിനെ നാല് വോട്ടിന് പരാജയപ്പെടുത്തി നൗഷറിന്റെ വിജയം.
18 അംഗങ്ങളുള്ള ഭരണസമിതിയിൽ ഒമ്പതംഗങ്ങൾ മുസ്ലിം ലീഗിന്റേതും ഒരു അംഗം കോൺഗ്രസിനും ബാക്കി എട്ട് അംഗങ്ങൾ സി.പി.എമ്മിന്റെതുമാണ്. എന്നാൽ യു.ഡി.എഫ് അംഗങ്ങൾ ഒരാൾ അവധി ആക്കിയതൊഴിച്ചാൽ ബാക്കി ഒമ്പത് പേരും നൗഷർ കല്ലടക്ക് വോട്ട് ചെയ്തപ്പോൾ സി.പി.എം സ്ഥാനാർഥിക്ക് കിട്ടിയതാകട്ടെ അഞ്ചു വോട്ട് മാത്രമാണ്.
ബാക്കി മൂന്ന് സി.പി.എം അംഗങ്ങളുടെ വോട്ടും അസാധുവായി. അംഗങ്ങളായ കൊല്ലത്തൊടി മുത്താർ, സി.കെ.അഷറഫ്, പ്രസന്ന എന്നി അംഗങ്ങളുടെ വോട്ടുകളാണ് അസാധുവായത്.
അരീക്കോട് അങ്ങാടിയിൽ യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. ശരിയായ രീതിയിൽ വോട്ട് ചെയ്യാൻ അറിയാത്ത എൽ.ഡി.എഫ് അംഗങ്ങളാണ് മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നതെന്ന് ലീഗ് സെക്രട്ടറി ഉമ്മർ വെള്ളരി പരിഹസിച്ചു.
അതേസമയം, പത്തംഗങ്ങളുള്ള യു.ഡി.എഫിൽനിന്ന് ഒരാൾ വിദേശത്തേക്ക് പോയിരുന്നു. ഇതോടെ സി.പി.എമ്മിന് എട്ടും മുസ്ലിം ലീഗിന് ഒമ്പതും അംഗങ്ങളാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇത് യു.ഡി.എഫ് അംഗങ്ങളെ വലിയ രീതിയിൽ ആശങ്കയിലാക്കിയിരുന്നു. ഇതിനിടയിലാണ് സി.പി.എം അംഗങ്ങളുടെ അസാധു വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.