അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് അങ്ങാടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും വൈകുന്നേരവുമാണ് അങ്ങാടിയിൽ പ്രധാനമായും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
പലപ്പോഴും വാഴയിൽ പള്ളിയുടെ മുന്നിൽനിന്ന് ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് വാഴക്കാട് ജങ്ഷൻ വരെ നീണ്ടുനിൽക്കും. പ്രതിദിനം ഇതുവഴി കടന്നുപോകുന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. രണ്ടുമാസം മുമ്പാണ് അരീക്കോട് അങ്ങാടിയുടെ സൗന്ദര്യവത്കരണം പൂർത്തിയായത്. ഇതോടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് വ്യാപാരികളും പ്രദേശവാസികളും കരുതിയത്. ഗതാഗതക്കുരുക്ക് സംബന്ധിച്ച് നിരവധി തവണ പൊലീസ്, പഞ്ചായത്ത് ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകിയിട്ടും ശാശ്വത പരിഹാരത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുരുക്ക് രൂക്ഷമാകുമ്പോൾ അരീക്കോട് പൊലീസ് എത്തി നിയന്ത്രണ വിധേയമാക്കാറുണ്ട്.
വൈകുന്നേരങ്ങളിലും രാവിലെയുമുള്ള ഈ ഗതാഗതക്കുരുക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
വിഷയത്തിൽ അധികൃതർ ഇടപെട്ട് വേഗത്തിൽ പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തിൽ 'മാധ്യമ'വും നിരവധിതവണ വാർത്ത നൽകിയിയിരുന്നു.
റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യവത്കരണത്തിന്റെ ഭഗമായി പാർക്കിങ് സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.
ഈ ഭാഗങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും എം.പി ബസാർ ജങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡുമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത് എന്ന ആരോപണവും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.