അരീക്കോട്: അംഗൻവാടി ടീച്ചറുടെ ഇടപെടലിനെത്തുടർന്ന് വിദ്യാർഥിനിയുടെ വീടിന് പുതിയ മുഖച്ഛായ. ''ടീച്ചറെ, എന്റെ വീടും ഇതുപോലെ മനോഹരമാക്കണം'' എന്ന് സൻഹ ഫാത്തിമ തന്റെ വർക്ക് ഷീറ്റിലെ വീടിന്റെ ചിത്രം കളർ നൽകി കാണിച്ചുനൽകിയിരുന്നു. വർക്ക്ഷീറ്റിൽ മറ്റു ചിത്രങ്ങൾ ഉണ്ടായിരുന്നെകിലും വീടിന്റെ ചിത്രം മാത്രം കളർ നൽകിയാണ് അവളുടെ സങ്കടം ടീച്ചറെ അറിയിച്ചത്.
ഇതോടെ വെള്ളേരി അംഗൻവാടിയിലെ താൽക്കാലിക ടീച്ചറായ സലീന കുട്ടിയെക്കുറിച്ച് അന്വേഷണം നടത്തി. അംഗൻവാടിയുടെ തൊട്ടടുത്തുതന്നെയാണ് വീട്. പിതാവിന്റെ രോഗവും സാമ്പത്തികപ്രയാസവും കാരണം കോൺക്രീറ്റ് വരെ മാത്രമാണ് വീടിന്റെ പണി ചെയ്തിട്ടുള്ളത്. കുഞ്ഞിന്റെ നിഷ്കളങ്ക ആഗ്രഹം സാധിച്ചുകൊടുക്കാൻ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവുമായി ബന്ധപ്പെടുകയും അദ്ദേഹം വീട് പണി പൂർത്തിയാകാൻ സന്നദ്ധത അറിയിക്കുകയുമായിരുന്നു. തുടർന്ന് നാസർ മാനുവും സുഹൃത്തുക്കളും ചേർന്ന് തേപ്പും പെയിന്റിങ്ങും പൂർത്തിയാക്കി വീടിന്റെ മുഖച്ഛായതന്നെ മാറ്റി.
നവീകരിച്ച വീടിന്റെ സമർപ്പണം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദു ഹാജി നിർവഹിച്ചു. സ്ഥിരംസമിതി ചെയർമാൻ നൗഷിർ കല്ലട അധ്യക്ഷത വഹിച്ചു. നാസർ മാനു, അൻസാർ ആനപ്ര, സെയ്തലവി കള്ളിയത്ത്, പി. സലീന ടീച്ചർ, സക്കീർ ആനപ്ര, എൻ.വി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.