അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തം. ആധുനിക അടിസ്ഥാന സൗകര്യങ്ങളടക്കം മുഴുവൻ സമയ അത്യാഹിത വിഭാഗമെന്നത് സ്വപ്നമായി ശേഷിക്കുകയാണ്. നേരത്തേ പ്രൈമറി ഹെൽത്ത് സെന്റർ ആയിരിക്കെ ഗൈനക്കോളജി ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും താലൂക്ക് ആശുപത്രിയായി ഉയർന്നതോടെ ഇതെല്ലാം ഇല്ലാതായി.
അരീക്കോട്ടേയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരുടെ ഏക ആശ്രയമാണ് അരീക്കോട് താലൂക്ക് ആശുപത്രി. അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രി ഉപകാരപ്പെടുന്നില്ലെന്നും പരാതിയുണ്ട്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ മുതൽ ഉച്ചക്ക് രണ്ടുവരെ എട്ട് ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിൽ ലഭ്യമായിട്ടുള്ളത്. ഉച്ചക്കുമുതൽ ആറുമണിവരെ ഒരു ഡോക്ടറും ഇവിടെയുണ്ട്. പല ദിവസങ്ങളിലും ആയിരത്തിലധികം പേർ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
മറ്റു താലൂക്ക് ആശുപത്രികളെ പോലെ അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ചികിത്സ താലൂക്ക് ആശുപത്രിയിൽ തുടങ്ങണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് അധികൃതർക്ക് വർഷങ്ങളായി പരാതി നൽകൽ തുടരുന്നുണ്ടെങ്കിലും ഒരു നടപടികളുമുണ്ടായിട്ടില്ലെന്ന് അരീക്കോട് സൗഹൃദ ക്ലബ് പ്രസിഡന്റ് സി.ടി. മുനീർ ബാബു പറഞ്ഞു.
എല്ലാവിധ സൗകര്യങ്ങളും അരീക്കോട് താലൂക്ക് ആശുപത്രി ഉണ്ടായിട്ടും സാധാരണക്കാരായ ആളുകൾക്ക് സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികൾ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഒരേസമയം നൂറിൽ കൂടുതൽ പേർക്ക് കിടത്തി ചികിത്സ നൽകാനുള്ള സൗകര്യം ആശുപത്രിയിലുണ്ട്. ഇതിനുപുറമേ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വാർഡും നിലവിലുണ്ട്. എന്നാൽ, ഈ വാർഡുകളിൽ പലപ്പോഴും കുറഞ്ഞ രോഗികളെ മാത്രം കിടത്താനാണ് ആശുപത്രി അധികൃതർ തയാറാകുന്നത്.
ഈ കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതുമൂലം രോഗികൾ വലിയ രീതിയിൽ വലഞ്ഞിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ അധികൃതർ ഇടപെട്ട് പുതിയ ഡോക്ടറെ നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.അരീക്കോട് പൂക്കോട്ടുചോലയിൽ പുതിയ താലൂക്ക് ആശുപത്രി പ്രവൃത്തി ആരംഭിക്കും എന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും ഇതുവരെ ഇതിന്റെ പ്രവർത്തനങ്ങളൊന്നും എവിടെയും എത്തിയിട്ടില്ല. നിലവിൽ പ്രതിദിനം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന പക്ഷം അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലും ആയിരക്കണക്കിനാളുകൾക്ക് വലിയ ആശ്വാസമാണ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.