തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി പ്രതിഭകള്‍ക്കായി സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം സര്‍വകലാശാലയുടെ കൂടുതല്‍ മേഖലകളില്‍നിന്ന് പ്രതിഭകളെ കണ്ടെത്തി മികച്ച അധ്യാപകര്‍, മികച്ച വിദ്യാര്‍ഥി തുടങ്ങിയവരെയും ആദരിക്കുമെന്ന് വി.സി പറഞ്ഞു.
പത്മശ്രീ ജേതാവായ ശാസ്ത്രജ്ഞനും കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. ടി. പ്രദീപ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഫുള്‍ ബ്രൈറ്റ് ഫെലോഷിപ് നേടിയ ബോട്ടണി പഠനവകുപ്പിലെ ഗവേഷണ വിദ്യാര്‍ഥിനി എം.എസ്. അമൃത, മലയാളം പഠനവകുപ്പില്‍ നിന്നുള്ള വടംവലി കായിക താരം പി.വി. അര്‍ച്ചന, ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍നിന്ന് റിപ്പബ്ലിക് ദിന പരേഡിനായി തിരഞ്ഞെടുക്കപ്പെട്ട സി.കെ. സുനീഷ്, സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ. എം.വി. നാരായണന് (പ്രഫ. ഇംഗ്ലീഷ്), ശാസ്ത്രജ്ഞരുടെ ലോകറാങ്കിങ്ങില്‍ ഇടംനേടിയ ഡോ. എം.ടി. രമേശന് (അസോ. പ്രഫ. കെമിസ്ട്രി), കണ്ടുപിടിത്തങ്ങളുടെ പ്രായോഗികവത്കരണത്തിലൂടെയും പേറ്റൻറ് നേടിയും ശ്രദ്ധേയനായ ഡോ. സി. ഗോപിനാഥന് (അസോ. പ്രഫ, ബയോടെക്നോളജി), കാര്‍ഷിക -ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉപകരണങ്ങള്‍ വികസിപ്പിച്ച ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ (അസി. പ്രഫ, ഫിസിക്സ്), സര്‍വകലാശാല കാമ്പസ് ഭൂമിയുടെ സൗന്ദര്യവത്കരണത്തിന് പിന്നില്‍ പ്രയത്നിച്ച ഡോ. എ.കെ. പ്രദീപ് (അസി. പ്രഫ, ബോട്ടണി), സാമ്പത്തിക സഹായമുള്ള ഏറ്റവും കൂടുതൽ പ്രോജക്ടുകള്‍ നേടിയ ഡോ. സി.ഡി. സെബാസ്റ്റ്യന്‍ (അസോ. പ്രഫ, സുവോളജി), 'കുത്തിവര' ചിത്രകാരന് അജിഷ് ഐക്കരപ്പടി, ആര്‍ട്ടിസ്റ്റ് സന്തോഷ് മിത്ര, വനവത്കരണത്തിന് സംഭാവനകള്‍ നല്കിയ ലൈബ്രറി അസിസ്റ്റന്റ് ടി.പി. അസ്സന് കുട്ടി എന്നിവരെണ് ആദരിച്ചത്.
ഭിന്നശേഷി വിഭാഗത്തിെൻറ ഉന്നമനം ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് സി.ഡി.എം.ആര്.പിക്കും അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. മനോഹരന്, ഡോ. കെ.പി. വിനോദ് കുമാര്‍, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ബേബി ഷാരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.