കാളികാവ്: അരനൂറ്റാണ്ട് മുമ്പ് വാങ്ങിയ സൈക്കിളിൽ തന്റെ ജീവിതചക്രം തിരിച്ച് മുന്നോട്ടുകുതിക്കുകയാണ് കാളികാവ് ചെങ്കോട് പയ്യശ്ശേരി അബ്ദുറഹ്മാൻ. സൈക്കിൾ ഓടിച്ചോ തള്ളിയോ അല്ലാതെ അബ്ദുറഹ്മാൻ എന്ന നാട്ടുകാരുടെ അബ്ദുറാക്കയെ കാണുക അപൂർവമാണ്. കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് തന്റെ തൊഴിലിടങ്ങളിലേക്ക് പോവാനും മറ്റു യാത്രാവശ്യങ്ങൾക്കുമെല്ലാം 56 വർഷമായി ഹീറോ കമ്പനിയുടെ ഈ സൈക്കിളാണ് ആശ്രയം.
കാളികാവിലെ ആദ്യകാല സൈക്കിൾ ഷോപ്പുകാരനായിരുന്ന വാളശ്ശേരി കുട്ടിപ്പയോടൊപ്പം പോയി കോയമ്പത്തൂരിൽ നിന്നാണ് സൈക്കിൾ കൊണ്ടുവന്നത്. നേരത്തേ ഐസ് വിൽപനയും കടലക്കച്ചവടവും ഒരുപോലെ നടത്തിയിരുന്ന അബ്ദുറാക്ക പിന്നീട് മാങ്ങ വ്യാപാരത്തിലേക്ക് തിരിഞ്ഞു. മൂന്ന് വർഷം മുമ്പ് ചെറിയ ശാരീരിക അസ്വസ്ഥതകൾ വന്നതിനാൽ തൽക്കാലം വിദൂര സ്ഥലങ്ങളിൽനിന്ന് മാങ്ങ പറിച്ച് കൊണ്ടുവരുന്നത് വീട്ടുകാരുടെ സ്നേഹപൂർവമായ ഉപദേശപ്രകാരം നിർത്തി. പ്രായം 75 പിന്നിട്ടിട്ടും അധ്വാനവും സൈക്കിൾ സഞ്ചാരവും അബ്ദുറക്ക തുടരുകയാണ്.
പരിസരത്തുള്ള സ്ഥലങ്ങളിൽ നാടൻ കൃഷിപ്പണിക്ക് പോകും. ജോലിസ്ഥലത്തേക്ക് കൈക്കോട്ടും കത്തി പോലുള്ള തൊഴിൽ ഉപകരണങ്ങളുമായിട്ട് സൈക്കിളിലാണ് പുറപ്പെടുക. 56 വർഷം മുമ്പ് വാങ്ങിയ സൈക്കിൾ പലതവണ പെയിൻറ് ചെയ്തു. വീൽ അടക്കമുള്ള പാർട്ട്സുകളും മറ്റും ഇടക്ക് മാറ്റി. നിരന്തരമായ സൈക്കിൾ സഞ്ചാരം കൊണ്ടാവാം ആരോഗ്യസ്ഥിതിക്ക് വലിയ കുഴപ്പമില്ല. അരനൂറ്റാണ്ട് മുമ്പ് തന്റെ സന്തതസഹചാരിയായ സൈക്കിളിനെ കുടുംബാംഗത്തെ പോലെ അബ്ദുറാക്ക ഒപ്പം ചേർത്ത് നിർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.