പൂക്കോട്ടൂര്‍: ശാരീരിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ വീട്ടകങ്ങളില്‍ തളച്ചിടപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതം ചലനാത്മകമാക്കി അത്താണിക്കല്‍ കാരുണ്യ കേന്ദ്രം പാലിയേറ്റിവ് സൊസൈറ്റി തുടക്കമിട്ട ‘ചലനം’ സൗഹൃദ കൂട്ടായ്മയുടെ പ്രവര്‍ത്തനം ഭിന്നശേഷി സൗഹൃദ സമൂഹത്തിന് മാതൃകയാകുന്നു.
പുറത്തിറങ്ങാനും പൊതുസമൂഹവുമായി നേരിട്ട് ഇടപഴകാനും അവസരം ലഭിക്കാത്തവരെ സൗഹൃദത്തിന്റെ ഉല്ലാസ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ‘ചലനം’ കൂട്ടായ്മയിലൂടെ കാരുണ്യ കേന്ദ്രം പ്രവര്‍ത്തകര്‍.
കാരുണ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പകല്‍ സംഗമങ്ങളിലൂടെയാണ് ‘ചലനം’ സൗഹൃദ കൂട്ടായ്മയുടെ പിറവി. രണ്ടാഴ്ചകളിലൊരിക്കലാണ് പകല്‍ സംഗമങ്ങള്‍ നടക്കുന്നത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ വീട്ടില്‍ കഴിഞ്ഞുകൂടി പരിചരിക്കുന്നവര്‍ക്കും പുത്തനുണർവാണ് ഇതിലൂടെ ലഭിക്കുന്നത്. സാധാരണ മനുഷ്യര്‍ക്ക് എത്തിപ്പെടാനാകുന്നിടങ്ങളിലെല്ലാം ഭിന്നശേഷിക്കാരെയും കുടുംബത്തെയും ഒപ്പമെത്തിക്കുക എന്ന കൂട്ടായ്മയുടെ ആശയം ആസ്വാദ്യകരമായ വിനോദയാത്രകള്‍ എന്ന പദ്ധതിക്ക് വഴിമരുന്നായി.
മാനവികതയുടെ ഉറവ വറ്റാത്ത സഹായങ്ങള്‍ പ്രോത്സാഹനമായപ്പോള്‍ ചലനത്തിലെ അംഗങ്ങള്‍ പ്രത്യേക സൗകരങ്ങളോടെയുള്ള വാഹനത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കുടുംബാംഗങ്ങള്‍ക്കൊപ്പം ആദ്യം മലമ്പുഴയിലെത്തി. പോയ വര്‍ഷങ്ങളില്‍ ബേപ്പൂരിലേക്കും കാപ്പാട് കടപ്പുറത്തേക്കും ഊട്ടിയിലേക്കുമായിരുന്നു യാത്രകള്‍. കഴിഞ്ഞ ദിവസം ചാവക്കാട്ടെ മറൈന്‍ അക്വേറിയവും ബീച്ചും കണ്ട് മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് ഈ ഭിന്നശേഷി ദിനത്തില്‍ ‘ചലനം’ കുടുംബാംഗങ്ങളും കാരുണ്യ കേന്ദ്രം പ്രവര്‍ത്തകരും. ചക്രകസേരകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഭക്ഷണവുമൊക്കെ കരുതിയുള്ള ഓരോ യാത്രകള്‍ക്കും ഐ.ആര്.ഡബ്ല്യുവിന്റെ റെസ്ക്യു വാഹനങ്ങളും അകമ്പടിയേകുന്നു. കാരുണ്യ കേന്ദ്രം വളന്റിയര്‍മാര്‍ക്കു പുറമെ ചെന്നെത്തുന്ന സ്ഥലങ്ങളിലെല്ലാം നിരവധി പേരാണ് സഹായവുമായി ഉല്ലാസ യാത്രയില്‍ പങ്കെടുക്കുന്നവരെ കരുതലോടെ ചേര്‍ത്തുപിടിക്കുന്നതെന്ന് കേന്ദ്രത്തിന്റെ സാരഥികള്‍ പറയുന്നു.
കാരുണ്യ കേന്ദ്രം ചെയര്മാന് സി. അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി പി. അഹമ്മദ് കബീര്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ എം. അഹമ്മദ് മാസ്റ്റര്‍, കെ. റഫീഖ്, പി.കെ. മുഹമ്മദ്, ടി.വി. മൊയ്തീന് കുട്ടി, എന്‍.എം. ഹുസൈന്, സി. മൊയ്തീന് കുട്ടി, ടി.വി. സിദ്ദീഖ്, നെച്ചിയില്‍ ഫൗസിയ തുടങ്ങിയവരാണ് യാത്രകള്‍ ഏകീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.