ചങ്ങരംകുളം: ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ തെൻറ വാഴത്തോട്ടത്തിൽ കൂടൊരുക്കിയ പക്ഷിക്കൂട്ടിലെ മുട്ടകൾ വിരിഞ്ഞ സന്തോഷത്തിലാണ് കർഷകനായ ചമയം അഷ്റഫ്. ഏറെ ദിനങ്ങളായി ഈ കൂടിന് ഇദ്ദേഹം സംരക്ഷണം നൽകി വരുകയായിരുന്നു. തെൻറ സുഹൃത്ത് അക്ബറുമായി കൃഷിയിറക്കുന്ന വാഴത്തോട്ടത്തിലെ നേന്ത്രവാഴ കുലയിൽ കണ്ടെത്തിയ പക്ഷിക്കുഞ്ഞുങ്ങളെയാണ് ഇദ്ദേഹം സംരക്ഷിച്ച് പോരുന്നത്.
20 ദിവസം മുന്നേ വാഴക്കുലകളിൽ ഇലകൾ പൊതിയാനായി എത്തിയപ്പോഴാണ് ഒരു കുലയിൽ പക്ഷിക്കൂടും മൂന്നു മുട്ടകളും കണ്ടെത്തിയത്. ഇതോടെ നേന്ത്രക്കുലയിലെ പഴങ്ങൾ പൊതിയുന്നത് ഒഴിവാക്കുകയായിരുന്നു.
ഒരു പക്ഷേ പൊതിഞ്ഞാൽ ശ്വാസം മുട്ടി ഇവ ചത്തുപോകുമെന്ന് അറിഞ്ഞാണ് ഇവയെ സംരക്ഷിക്കാൻ തീരുമാനിച്ചത്. ഏണിയിൽ കയറി പിന്നീടുള്ള ഒാരോ ദിവസവും ഇദ്ദേഹം പക്ഷിക്കൂട് സൂക്ഷ്മമായി നിരീക്ഷിച്ചു. കാത്തിരിപ്പിനൊടുവിൽ മുട്ടകൾ വിരിയുകയായിരുന്നു. നാലു ദിവസത്തെ കാത്തിരിപ്പിനു ശേഷം തള്ളപ്പക്ഷി കുട്ടികളുടെ അടുത്തെത്തി പറന്നു പോകുന്നത് കണ്ടെത്തിയതോടെ സന്തോഷമായി. വീട്ടുമുറ്റത്തും പറമ്പിലും സാധാരണയായി കാണാറുള്ള തവിട്ട് നിറത്തിലുള്ള ചാണപക്ഷികളുടെ മൂന്ന് കുട്ടികളായിരുന്നു.
പക്ഷിക്കുട്ടികൾ പറന്ന് പോകുമ്പോൾ മാത്രമേ ഇനി നേന്ത്രവാഴ പൊതിയുകയുള്ളൂ എന്നാണ് തീരുമാനം. മനുഷ്യരെ പോലെ തന്നെ മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നത് റമദാൻ നാളുകളിലെ പുണ്യമായാണ് ചമയം കൃഷികൂട്ടായ്മ അംഗമായ അഷ്റഫ് ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.