വൈലത്തൂർ: പൊന്മുണ്ടം ജുമാമസ്ജിദ്, മദ്റസ, ദർസ് എന്നിവയുടെ നിലവിലെ മുത്തവല്ലിയെ നീക്കി ഇടക്കാല മുത്തവല്ലിയെ നിയമിച്ചുകൊണ്ട് കോടതി ഉത്തരവിറക്കി. നിലവിലെ മുത്തവല്ലിയെ പ്രോസിക്യൂട്ട് ചെയ്യാനും വഖഫ് കോടതി വിധിച്ചു.
മണ്ടായപ്പുറത്ത് ആലിക്കുട്ടി മൂപ്പൻ എന്ന ബാവ മൂപ്പനെയാണ് കോടതി ഉത്തരവിലൂടെ മുത്തവല്ലി സ്ഥാനത്തുനിന്ന് മാറ്റിയത്. വർഷങ്ങളായി ഇദ്ദേഹം മുത്തവല്ലി സ്ഥാനത്ത് തുടരുകയായിരുന്നു. ഇടക്കാല മുത്തവല്ലിയായി മഞ്ചേരി കാരകുന്ന് നെല്ലിപ്പറമ്പൻ മമ്മദ് കോയ കഴിഞ്ഞദിവസം ചുമതലയേറ്റു.
ഇന്നലെ ജുമുഅക്ക് ശേഷം മഹല്ല് നിവാസികളെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. 2016 മുതൽ മഹല്ല് നിവാസികളായ എൻ.ആർ. ബാവു ഉൾപ്പെടെയുള്ളവർ ചേർന്നു നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പള്ളിയുടെ കണക്കുകളിലെ ക്രമക്കേടുകൾ ഓഡിറ്റ് ചെയ്യാനും പള്ളിക്ക് ശരിയായ മാനേജ്മെൻറ് ഉണ്ടാക്കുന്നതിന് ബൈലോ തയാറാക്കി അതിൽ ജനറൽബോഡി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തി മാനേജ്മെന്റിനെ തെരഞ്ഞെടുക്കാനുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതിക്കാർ വഖഫ് ബോർഡ് മുമ്പാകെ ഹരജി നൽകിയത്.
ഈ ആവശ്യങ്ങൾ അനുവദിച്ചുകിട്ടുന്നതിന് മഹല്ല് സംരക്ഷണ വേദി എന്ന പേരിൽ സംഘടനാ ഭേദമന്യേ മഹല്ല് നിവാസികൾ സംഘടിച്ച് പ്രവർത്തിച്ചുവരുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.