മലപ്പുറം: കൊറോണ രക്ഷക് പോളിസി ഉടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയോട് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. നഷ്ടപരിഹാരം കൂടാതെ ഇൻഷുറൻസ് തുകയായ 1.5 ലക്ഷം രൂപയും കോടതി ചെലവായ 5,000 രൂപയും നൽകാനും കമീഷന് ഉത്തരവിൽ വ്യക്തമാക്കി. ഊരകം കീഴ്മുറി സ്വദേശി വള്ളിക്കാടൻ കമറുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് വിധി.
പരാതിക്കാരന് കോവിഡ് ബാധിക്കുകയും വേങ്ങര ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹെൽത്ത് സെന്ററിൽ ചികിത്സ നടന്നിട്ടില്ലെന്നും അവിടെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മാത്രമാണെന്നും പറഞ്ഞാണ് കമ്പനി ഇൻഷുറൻസ് തുക നിഷേധിച്ചത്.
ഇൻഷുറൻസ് വ്യവസ്ഥ പ്രകാരം 72 മണിക്കൂർ അഡ്മിറ്റ് ചെയ്തുള്ള ചികിത്സക്ക് ആനുകൂല്യം നൽകണമെന്നിരിക്കെ ഹെൽത്ത് സെന്ററിനെ ആശുപത്രിയായി അംഗീകരിക്കാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ നിലപാട് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടാണ് മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷന്റെ വിധി. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം 12 ശതമാനം പലിശയും കമ്പനി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.