എടക്കര: ഉദ്യോഗസ്ഥരുടെ കരുണയില്‍ ഭൂമിക്ക് രേഖ ലഭിച്ച ബിന്ദുവിന് നാഷനല്‍ സര്‍വിസ് സ്കീം പദ്ധതിയിലെ വീട് ലഭിക്കും. പോത്തുകല്‍ വെള്ളിമുറ്റം കത്തിക്കാടന് പൊയിലിലെ വെളുത്തോടന്‍ ബിന്ദുവാണ് ഭൂമിക്ക് രേഖകളില്ലാത്തതിനാല്‍ കാലങ്ങളായി വീടെന്ന സ്വപ്നം മനസ്സില്‍ പേറി നടന്നിരുന്നത്.
മാതാവ് നീലിയുടെ പേരില്‍ പാരമ്പര്യമായി കൈവശംവച്ചുപോരുന്ന ഭൂമി കുറുമ്പലങ്ങോട് വില്ലേജില്‍ അണ് സർവേയില്‍ പെട്ടതിനാല്‍ പട്ടയമോ ആധാരമോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. മുമ്പ് നികുതി അടച്ചിരുന്നെങ്കിലും കുറച്ച് വര്‍ഷങ്ങളായി നികുതി സ്വീകരിച്ചിരുന്നുമില്ല. നാഷനല്‍ സര്‍വിസ് സ്കീം പദ്ധതിയില്‍ വീട് അനുവദിച്ച് അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെട്ട ഇവരുടെ ഭൂമിക്ക് രേഖയില്ലെന്ന കാരണത്താല്‍ വീട് നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു.
2003ല്‍ പട്ടയം കിട്ടാന്‍ വില്ലേജ് ഓഫിസില്‍ നല്കിയ സുവോ മോട്ടോ അപേക്ഷ മാത്രമായിരുന്നു ഇവരുടെ പക്കലുള്ള രേഖ. ഇതുമായി പല ഓഫിസുകളും കയറി ബിന്ദുവും നീലിയും മടുത്തിരുന്നു. തുടര്‍ന്ന് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ബാപ്പു വെള്ളിമുറ്റം ഇരുവരെയും കൂട്ടി എടക്കര സബ് രജിസ്ട്രാര്‍ പി.ജി. ബാബുവിനെ കണ്ട് സങ്കടം ബോധിപ്പിച്ചു. നികുതി രസീതും കൈവശ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ ഭൂമിക്ക് രേഖ ശരിയാക്കാം എന്ന് സബ് രജിസ്ട്രാര്‍ അറിയിച്ചു.
കഴിഞ്ഞ 21ന് കുറുമ്പലങ്ങോട് വില്ലേജ് ഓഫിസിലെത്തി ഓഫിസര്‍ ഉണ്ണികൃഷ്ണനെ കാണുകയും അദ്ദേഹം നികുതി സ്വീകരിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. 23ന് ഈ രേഖകളുമായി ബിന്ദു എടക്കരയിലെ ആധാരമെഴുത്ത് ഓഫിസിലെത്തുകയും നീലിയുടെ പേരിലുള്ള ഭൂമിയില്‍നിന്ന് നാല് സെന്റ് ബിന്ദുവിന്റെ പേരില്‍ ധനനിശ്ചയമായി എഴുതി സബ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുകയും ഭൂമി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എന്‍.എസ്.എസ് പദ്ധതിയില്‍ വീട് ലഭിക്കാന്‍ ഭൂമിയുടെ ആധാരം നല്‍കേണ്ട അവസാന തീയതി ശനിയാഴ്ചയായിരുന്നു. എന്നാല്‍, 23ന് തന്നെ രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാര്‍ ബിന്ദുവിന് ആധാരം ശരിയാക്കി നല്കി. സാധാരണ പത്ത് ദിവസത്തിന് ശേഷമേ ആധാരം ലഭിക്കൂ എന്നിരിക്കെയാണ് ഒരു ദിവസം കൊണ്ട് ആധാരം ശരിയാക്കി നല്‍കിയത്.
പട്ടികവര്‍ഗ വിഭാഗക്കാരിയും വിധവയും നാല് മക്കളുടെ മാതാവുമായ ബിന്ദുവിന് നന്മ നിറഞ്ഞ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. മുന്‍ ജില്ല പഞ്ചായത്ത് അംഗവും ആധാരമെഴുത്തുകാരിയുമായ കെ.എസ്. വിജയമാണ് ആധാരം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.