തിരൂർ: ഡിവിഷനിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി പ്രഖ്യാപിച്ച സ്മാർട്ട് ഫോൺ ചലഞ്ച് ശ്രദ്ധേയമായി. ജില്ല പഞ്ചായത്ത് തിരുനാവായ ഡിവിഷനിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രഖ്യാപിച്ച ചലഞ്ചാണ് വിദ്യാർഥികൾക്കും പി.ടി.എ കമ്മിറ്റികൾക്കും ആശ്വാസമായത്.
ചലഞ്ചിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളായ തവനൂർ കേളപ്പജി മെമ്മോറിയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 13 കുട്ടികൾക്കും മൊബൈൽ ഫോൺ നൽകി. ബി.ആർ.സിയും അധ്യാപകരും ചേർന്ന് ആദ്യഘട്ടത്തിൽ കണ്ടെത്തിയ കുട്ടികൾക്കാണ് ഫോൺ നൽകിയത്.
തവനൂർ കേളപ്പജി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൈത്താങ് പദ്ധതി കൺവീനർ ഗോപു, സ്റ്റാഫ് സെക്രട്ടറി രതിർ, രാജീവ് മേനോൻ എന്നിവർ ഫോണുകൾ ഏറ്റുവാങ്ങി. 'സർവോദയം' പൂർവ വിദ്യാർഥി പ്രസിഡൻറ് പി.എൻ. ഷാജി, വികസന സമിതി ചെയർമാൻ മുഹമ്മദ് റാഫി, രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
ഒരു സ്മാർട്ട് ഫോൺ പോലും ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികളെ മാത്രം പ്രത്യേകം കണ്ടെത്തിയാണ് ഫോൺ നൽകുന്നത്. ഡിവിഷനിലെ മറ്റ് പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വേണ്ടിയും ചാലഞ്ച് തുടരുന്നതായും തിരുനാവായ നാവാമുകുന്ദ സ്കൂളിലെ 10 കുട്ടികൾക്ക് ഉടൻ തന്നെ ഫോൺ ലഭ്യമാക്കുമെന്നും ഫൈസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.