എടക്കര: തള്ളയാനക്കൊപ്പം തീറ്റതേടി ജനവാസ കേന്ദ്രത്തിലെത്തിയ കുട്ടിയാന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റില്‍ വീണു. മൂത്തേടം ചോളമുണ്ട താന്നിപ്പൊട്ടിയിലെ ബാപ്പുട്ടി എന്നയാളുടെ വീടിന് പിറകുവശത്തെ കിണറ്റിലാണ് കുട്ടിയാന വീണത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.
ഭൂമിനിരപ്പോളം മാത്രം റിങ്ങുള്ള കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള തള്ളയാനയുടെ ശ്രമം കണ്ട ടാപ്പിങ് തൊഴിലാളികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് കരുളായി റേഞ്ചിലെ വനപാലകരും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രം എത്തിച്ച് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുമ്പോള്‍ ആക്രമണ സ്വഭാവം പൂണ്ട് തള്ളയാനയും അരികിലുണ്ടായിരുന്നു. പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആട്ടിയകറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുകളിലെ റിങ്ങ് അടര്‍ത്തിമാറ്റി രാവിലെ ആറരയോടെ കുട്ടിയാനയെ കരക്കെത്തിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്.
കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഇവിടെ പതിവാണ്. വനാതിര്‍ത്തിയില്‍ ഫെന്‍സിങ്ങോ മറ്റു പ്രതിരോധ സംവിധാനങ്ങളോ ഇല്ലാത്തതാണ് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാന്‍ കാരണം. ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ആറുമാസം മുമ്പ് മൂത്തേടം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ യോഗം ചേരുകയും പ്രാദേശിക സമിതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.
നാരങ്ങാപ്പൊട്ടി മുതല്‍ പൂളക്കപ്പാറ വരെയുള്ള പത്ത് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ ഒരു വര്‍ഷം മുമ്പ് അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തി നടക്കാത്തതിനെതിരെ യോഗത്തില്‍ പ്രതിഷേധമുയർന്നെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.