കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണക്കടത്ത് കൂടുന്നു. ഒരാഴ്ചക്കിടെ പൊലീസ് പിടികൂടിയത് 12 പേരെ. മിശ്രിതരൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കുന്ന സ്വർണമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെടുക്കുന്നത്. വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരാണ് പിടിയിലായത്. മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെയുള്ള ദിവസങ്ങളിൽ 12 പേരിൽനിന്നായി നാല് കിലോയോളം സ്വർണമിശ്രിതമാണ് പൊലീസ് പിടികൂടിയത്. സ്വർണവുമായി വിദേശത്ത് നിന്നെത്തിയവരും ഏറ്റുവാങ്ങാൻ കരിപ്പൂരിലെത്തിയവരുമാണ് അറസ്റ്റിലായവരെല്ലാം. പരിശോധന പൂർത്തിയായി ടെർമിനലിൽനിന്ന് പുറത്തിറങ്ങിയ ശേഷം വിമാനത്താവള പരിസരത്ത് സ്വർണം കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സ്വർണക്കടത്ത് സംഘങ്ങൾ തന്നെ ചോർത്തുന്നതിനാലാണ് പൊലീസിന് വിവരം ലഭിക്കുന്നത്.
കരിപ്പൂർ വഴി സ്വർണക്കടത്ത് വർധിച്ചതായി കസ്റ്റംസിന്റെ വാർഷിക റിപ്പോർട്ട് ഈയിടെ പുറത്തുവന്നിരുന്നു. ഇതുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കരിപ്പൂരാണെന്നാണ് കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇതേ വിമാനത്താവളത്തിലാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന നിരവധി പേരെ സ്വർണവുമായി പൊലീസ് പിടികൂടിയതും. സ്വർണക്കടത്തിനെതിരെ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലെന്ന ആക്ഷേപം വ്യാപകമാണ്. അതേസമയം, ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് കസ്റ്റംസ് വിഭാഗത്തിന്റെ പ്രവർത്തനം. ആവശ്യമുള്ളതിൽ പകുതിയിലും കുറവ് ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.