മലപ്പുറം: ‘‘എന്റെ മോൻ ദൂരെയെങ്ങും പോവില്ല; അവൻ ഇവിടെ എവിടെയോ ഉണ്ട്. തേടിപ്പോകാത്ത ഇടങ്ങളില്ല. പ്രായം ബാധിച്ച ഉപ്പയെയും ഉമ്മയെയും സഹോദരങ്ങളേയും കാണാൻ അവനും ഉണ്ടാവൂലേ പൂതി’’ -ഇത്രയും പറഞ്ഞപ്പോഴേക്കും മൊയ്തീന്റെ കണ്ണ് നിറഞ്ഞിരുന്നു. ബന്ധുവീട്ടിൽ പോയി വരാമെന്ന് പറഞ്ഞാണ് മകൻ അലി അക്ബർ വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, വർഷം ആറായിട്ടും തിരിച്ചെത്തിയില്ല.
മകനു വേണ്ടി പിതാവും ഉമ്മയുമടക്കമുള്ള കുടുംബം നോവിന്റെ നെരിപ്പോടുമായി ഇന്നും കാത്തിരിപ്പിലാണ്. 2017 ഒക്ടോബർ 10നാണ് വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി പാലറ മൊയ്തീന്റെ മകൻ അലി അക്ബറിനെ (32) കാണാതായത്. 26ാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയ മകനെ തേടി കുടുംബം അലയാത്ത ഇടങ്ങളോ പരാതി നൽകാത്ത ഓഫിസുകളോ ഇല്ല.
ലോക്കൽ പൊലീസും ഉദ്യോഗസ്ഥരും കേസ് കൈവിട്ടെങ്കിലും ഒരു ദിവസം അവൻ ഞങ്ങളെ കാണാനെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് മാതാപിതാക്കൾ. 19ാംമത്തെ വയസ്സിൽ അലി അക്ബർ ജോലി തേടി അബൂദബിയിലെ അൽഐനിലെത്തിയിരുന്നു. അന്ന് പിതാവ് മൊയ്തീനും അവിടെയുണ്ടായിരുന്നു. കോഴി ഫാമിലാണ് അലി അക്ബർ ജോലിയെടുത്തിരുന്നത്.
ജോലിഭാരവും ഉറക്കക്കുറവും കാരണം മാനസിക സംഘർഷമേറി. തുടർന്ന് ജോലി ഉപേക്ഷിച്ചു. പിതാവിനോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോന്നു. കുറച്ചുകാലം നാട്ടിൽ നിന്ന ശേഷം വീണ്ടും ഗൾഫിലേക്കുതന്നെ തിരിച്ചു.
ഇത്തവണ അബൂദബിയിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി കിട്ടിയത്. എന്നാൽ, അവിടെയും ദിവസവും 14 മണിക്കൂർ വരെ പണിയെടുക്കേണ്ടിവന്നു. അമിതചിന്തയും ഉറക്കമില്ലായ്മയും ഏറിവന്നു. പതിയെ മനസ്സിന്റെ താളംതെറ്റിത്തുടങ്ങി. തുടർന്ന് വിസ റദ്ദാക്കി നാട്ടിലേക്ക് വണ്ടികയറി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചികിത്സയിൽ കാര്യമായ പുരോഗതിയുണ്ടാകുകയും ഉറക്കക്കുറവിനടക്കം പരിഹാരമാവുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും ഗൾഫിലേക്ക് ജോലി തേടി പറന്നു. ഉദ്ദേശിച്ച പോലെ ജോലി ശരിയായില്ല. നാട്ടിലേക്കുതന്നെ മടങ്ങി. ജോലി ശരിയാവാത്തതിന്റെ വലിയ നിരാശയിലായിരുന്നു. അങ്ങനെയിരിക്കെയാണ് പിതാവിന്റെ അനുജന്റെ അടുത്തേക്കെന്ന് പറഞ്ഞ് അലി വീട്ടിൽനിന്ന് ഇറങ്ങിയത്.
ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, മുഖ്യമന്ത്രി, മുൻ മന്ത്രി കെ.ടി. ജലീൽ, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ഹൈകോടതി എന്നിവർക്കെല്ലാം പരാതി നൽകി. അന്വേഷണമെല്ലാം നടന്നെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട്, വടകര, തലശ്ശേരി ഭാഗങ്ങളിൽ കണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ മൊയ്തീൻ ചെന്നെങ്കിലും നിരാശനാകേണ്ടിവന്നു. വടകര, തലശ്ശേരി ഭാഗങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിയതായി പറഞ്ഞതനുസരിച്ച് പരതിയെങ്കിലും കണ്ടെത്തിയില്ല. പാലക്കാട്, കോയമ്പത്തൂർ, ചെന്നൈ, മംഗലാപുരം, ബംഗളൂരു തുടങ്ങിയ ഇടങ്ങളിലൊക്കെ അന്വേഷണം തുടർന്നെങ്കിലും തുമ്പുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.