കൊളത്തൂർ: പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി അലയായ് പതഞ്ഞൊഴുകുന്ന കാട്ടരുവിയുടെ വശ്യസൗന്ദര്യം കാണാൻ ഇത്തവണ ആൾത്തിരക്കില്ല. പ്രകൃതിയൊരുക്കിയ പാലൂർകോട്ട വെള്ളച്ചാട്ടം കാണാനും നീരാടാനും ഏറ്റവും അധികം ആളുകളെത്തുന്നത് മഴക്കാലത്താണ്. കോവിഡ് കാരണം പ്രവേശനം വിലക്കിയതിനാൽ ഇത്തവണ ഇവിടെ ആളാരവമില്ല.
പച്ചപ്പ് നിറഞ്ഞ ചെങ്കുത്തായ കുന്നിൻ മുകളിൽനിന്ന് പാലുപോലെ ഒഴുകി പതിക്കുന്ന വെള്ളച്ചാട്ടത്തിെൻറ മനോഹാരിത വിവരണാതീതമാണ്. ജൂൺ മുതൽ നവംബർ വരെ സമൃദ്ധമായി ജലമൊഴുകുന്ന ഇവിടേക്ക് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സന്ദർശകർ എത്താറുണ്ട്.
ഈ പ്രദേശത്തിന് പാലൂർകോട്ട എന്ന പേര് വന്നതിന് പിന്നിലൊരു കഥയുണ്ട്. ടിപ്പുസുൽത്താൻ പാലക്കാട്ടുനിന്ന് മലബാറിലേക്കുള്ള യാത്രയിൽ ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഒളിച്ചുതാമസിച്ച സ്ഥലമായിട്ടാണ് പാലൂർകോട്ടയെ കണക്കാക്കുന്നത്. ഈ വെള്ളച്ചാട്ടത്തിെൻറ മുകളിൽനിന്ന് നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്നവരെ കാണാൻ കഴിയുമായിരുന്നത്രേ.
ശത്രുക്കൾക്ക് പെട്ടെന്ന് ഇതിനു മുകളിലേക്ക് കയറാൻ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാൻ കാരണമായി. ഇന്ന് അതിെൻറ അടയാളമായി ഈ വെള്ളച്ചാട്ടം മാത്രമേ അവശേഷിക്കുന്നുള്ളൂ.
മുകളിലെ വലിയ കുളത്തിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഏകദേശം 50 അടി ഉയരത്തിൽനിന്ന് പതിക്കും. പിന്നെ കുറച്ചുദൂരം നിരപ്പായി സഞ്ചരിച്ച് പിന്നെയും ചെറിയ തട്ടായിമാറി 15 അടി ഉയരത്തിൽനിന്ന് പതിക്കുന്നു. പിന്നീട് ചാലിലൂടെ ഒഴുകി തോട്ടിൽ ചെന്ന് പതിക്കുന്നു. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലാണ് പാലൂർകോട്ട. കടുങ്ങപുരം വഴിയും മാലാപറമ്പ് പാലച്ചോട് വഴിയും പാലൂർകോട്ടയിലെത്താം. മലപ്പുറം നഗരത്തിൽനിന്ന് 17ഉം പെരിന്തൽമണ്ണയിൽനിന്ന് 13 കിലോമീറ്ററുമാണ് ഇവിടേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.