കൊണ്ടോട്ടി: ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് രാജിവെച്ചതോടെ കൊണ്ടോട്ടിയില്‍ പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കുന്നതില്‍ മുസ്ലിം ലീഗ് വെട്ടിലായി. ആറ് അംഗങ്ങളുള്ള സമിതിയില്‍ അധ്യക്ഷ സ്ഥാനം വനിത സംവരണമാണ്.
ഇതില്‍ ലീഗിന് രണ്ട് പുരുഷ അംഗങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് രണ്ട് വനിത അംഗങ്ങളുള്‍പ്പെടെ മൂന്ന് പേരുണ്ട്. ശേഷിക്കുന്ന ഒരാള്‍ സി.പി.എമ്മിലെ വനിത അംഗമാണ്.
കോണ്‍ഗ്രസിലെ അബീന പുതിയറക്കല്‍, നിദ സഹീര്‍, സതീഷ് തേരി, ലീഗിലെ സീലിഹ് കുന്നുമ്മല്‍, കെ.കെ. റഷീദ്, സി.പി.എമ്മിലെ നിമിഷ എന്നിവരാണ് സ്ഥിരം സമിതി അംഗങ്ങള്‍. ഇവരില്‍ കോണ്‍ഗ്രസിലെ രണ്ട് വനിത അംഗങ്ങള്‍ക്കോ സി.പി.എമ്മിലെ വനിത അംഗത്തിനോ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകുക.
നിലവില്‍ അധ്യക്ഷയായിരുന്ന അബീന പുതിയറക്കല്‍ രാജിവെച്ച സാഹചര്യത്തില്‍ ഇനി നടക്കാനിരിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ വിട്ടു നില്‍ക്കാനാണ് നിലവില്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ഇതോടെ പിന്തുണക്കാന്‍ ആളില്ലാത്ത സി.പി.എം അംഗത്തിനും വനിതകളില്ലാത്തതിനാല് ലീഗിനും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല.
ആറംഗങ്ങളുള്ള സമിതിയില്‍ മൂന്ന് അംഗങ്ങള്‍ ഹാജരായാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനാകും. തെരഞ്ഞെടുപ്പിന് മുമ്പ് നിലവിലുള്ള രണ്ട് പുരുഷ അംഗങ്ങളില്‍ നിന്ന് ഒരാളെയും മറ്റേതെങ്കിലും സ്ഥിരം സമിതിയിലെ ഒരു വനിത അംഗത്തേയും രാജിവെപ്പിച്ച് പരസ്പരം മാറ്റി ചുമതലപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കുകയാണെങ്കിലും അധ്യക്ഷ പദവി ലീഗിന് നേടിയെടുക്കാനാകും.
അതേറെ ശ്രമകരവുമാണ്. ഇത്തരമൊരു നീക്കം ഇല്ലാത്തപക്ഷം ആരും നാമനിര്‍ദേശ പത്രിക നല്കാതിരുന്നാല് സമിതിയിലെ മുതിര്‍ന്ന വനിത അംഗത്തെ അധ്യക്ഷയായി തെരഞ്ഞെടുക്കാന്‍ വരണാധികാരിക്ക് അധികാരമുണ്ട്. ഇങ്ങനെ പ്രഖ്യാപിക്കുന്നവര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണെന്നുമാണ് ചട്ടം.
അധ്യക്ഷ രാജിവെച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിന് മുമ്പ് നഗരസഭയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അസ്വാരസ്യം പരിഹരിക്കാന്‍ ഉന്നത തലത്തില്‍ ശ്രമങ്ങള്‍ ഊർജിതമാണ്. നഗരസഭ അധ്യക്ഷ പദവി വേണമെന്ന ആവശ്യം ലീഗ് നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ഉപാധ്യക്ഷ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ മാര്‍ച്ച് 20ന് രാജിവെച്ചത്.
നിലവിലെ സാഹചര്യത്തില്‍ ലീഗിന് ഉപാധ്യക്ഷ സ്ഥാനം വെല്ലുവിളികളില്ലാതെ സ്വന്തമാക്കാനാകും. 40 അംഗ ഭരണസമിതിയില്‍ ലീഗിന് 23 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് എട്ടുപേരും ഇടതുപക്ഷത്തിന് അഞ്ചുപേരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.