കൊണ്ടോട്ടി: പച്ചക്കറി വിപണിയില്‍ വിലയിലെ ഏറ്റക്കുറച്ചില്‍ തുടര്‍ക്കഥയാകുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും സാധാരണക്കാരുടെ കീശ ചോര്‍ത്തുന്നു. കിലോഗ്രാമിന് 240 രൂപയാണ് വെളുത്തുള്ളിയുടെ വില. ഇഞ്ചി 150ല്‍ എത്തി നില്ക്കുന്നു. അവശ്യ വസ്തുക്കളുടെ വന്‍തോതിലുള്ള വിലക്കയറ്റം സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിക്കുമ്പോള്‍ വിലയിലെ ഏറ്റക്കുറച്ചിലിനു മുന്നില്‍ ചില്ലറ വിപണിയിലെ വ്യാപാരികളും കുഴങ്ങുകയാണ്.
100 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഒരു വേള 450 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില കുറഞ്ഞു. ഇപ്പോള്‍ വീണ്ടും വര്‍ധിച്ചാണ് 240 രൂപയായിരിക്കുന്നത്. ഇഞ്ചി 60 രൂപയില്‍ നിന്നാണ് മാസങ്ങളുടെ ഇടവേളയില്‍ ഉയര്‍ന്ന് 150 രൂപയായത്. 24 രൂപ വിലയുണ്ടായിരുന്ന വലിയ ഉള്ളിക്ക് കിലോഗ്രാമിന് 30 രൂപയും ചെറിയ ഉള്ളിക്ക് 50 രൂപയുമാണ് വില.
നിത്യോപയോഗത്തിന് ആവശ്യമായ പച്ചക്കറികള്‍ക്ക് വില സ്ഥിരതയില്ലാത്ത അവസ്ഥയാണ്. 50 രൂപ വിലയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ കിലോഗ്രാമിന് 80 രൂപ നല്‍കണം. 24 രൂപയായിരുന്ന മത്തന്‍ 10 രൂപ വര്‍ധിച്ച് 34 രൂപയായി. കാബേജിന് വില ഇരട്ടിയായി ഉയര്‍ന്നു.
കിലോഗ്രാമിന് 22 രൂപയായിരുന്നത് ഇപ്പോള്‍ 40 രൂപയാണ്. പയറിന് 50ല്‍ നിന്ന് വില 60 രൂപയായി വര്‍ധിച്ചു. അതേസമയം, തക്കാളിക്ക് 10 രൂപ കുറഞ്ഞ് വില 20 രൂപയായി. 60 രൂപയായിരുന്ന വെണ്ടയുടെ വില 50 ആയി കുറഞ്ഞു. 140 രൂപ വിലയുണ്ടായിരുന്ന പച്ച മുളകിന് ഇപ്പോള്‍ 60 രൂപ നല്കിയാല് മതി.
വിലയില്‍ അനുദിനം മാറ്റം വരുമ്പോള്‍ കൂടുതല്‍ സാധനങ്ങള്‍ കടകളില്‍ സംഭരിക്കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നാടന്‍ പച്ചക്കറികളുടെ വരവ് നന്നെ കുറവാണ്. എങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മൊത്ത വിപണിയില്‍ ക്ഷാമമില്ലാതെ പച്ചക്കറികളെത്തുന്നുണ്ട്.
ഉള്ളിയിനങ്ങള്ക്ക് നാസിക്കിനേയും മറ്റ് പച്ചക്കറികള്‍ക്ക് തമിഴ്നാട്, കർണാടക, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളേയുമാണ് മൊത്ത വ്യാപാരികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇതില്‍ ഇടത്തട്ടുകാരുടെ ഇടപെടലാണ് വില സ്ഥിരതയെ ബാധിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ഇടപെടലുമില്ലാത്തത് വന്‍തോതിലുള്ള ചൂഷണത്തിനാണ് കാരണമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.