കോട്ടക്കല്‍: രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങളുടെ മുന്‍ചക്രം ഉയര്‍ത്തിയും മറ്റും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുക. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. സംഭവം വൈറലായി, പിറകെ പൊലീസുമെത്തി. റീച്ചും ലൈക്കും കിട്ടാന്‍ ബൈക്കിലെ അഭ്യാസപ്രകടനങ്ങള്‍ റീല്‍സാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫ്രീക്കന്മാരാണ് കുടുങ്ങിയത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പൊലീസും മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു.
1,25,000 രൂപയോളം പിഴ ഈടാക്കിയ പൊലീസ് സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് വിഡിയോകളും ഒഴിവാക്കിയ ശേഷമാണ് വാഹനങ്ങള്‍ വിട്ടുനല്‍കിയത്. പിടികൂടിയവരുടെ ഡ്രൈവിങ് ലൈസന്‍സില്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ നസീര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പ്രമോദ് ശങ്കര്‍, അസൈനാര്‍, വി. വിജീഷ്, ഡിബിന്‍ എടവന, എസ്. ജെസ്സി, അബ്ദുല്‍കരീം ചാലില്‍, ഷൂജ മാട്ടട, മനോഹരന്, സലീഷ് മേലെപാട്ട്, സതീഷ് ശങ്കര്‍, എസ്.ഐമാരായ ഫിറോസ്, മുകുന്ദന്, ബാബു, ക്ലീറ്റസ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.