കുറ്റിപ്പുറം: ബംഗ്ലാംകുന്നിൽ ദേശീയപാത നിർമാണ പ്രവൃത്തിക്കിടെയുണ്ടായ വിള്ളലുകൾ സിമന്റ് ഉപയോഗിച്ച് താൽക്കാലികമായി അടക്കാനുള്ള ശ്രമം വീട്ടുടമകൾ തടഞ്ഞു. പരിശോധനയുടെ ഭാഗമായ പ്രവൃത്തിയാണെന്ന് നിർമാണ കമ്പനി അറിയിച്ചെങ്കിലും വീടും ഭൂമിയും ഏറ്റെടുക്കുന്നത് സംബന്ധിച്ചോ മറ്റ് പരിഹാര മാർഗങ്ങൾ സംബന്ധിച്ചോ തിരുമാനമുണ്ടാകാതെ ഇത്തരം പ്രവൃത്തികൾ ചെയ്യാൻ അനുവദിക്കില്ലെന്ന് വീട്ടുടമകൾ അറിയിച്ചു.
തുടർന്ന്, കെ.എൻ.ആർ.എൽ മാനേജിങ് ഡയറക്ടർ വേണുഗോപാൽ റെഡ്ഡി, പ്രൊജക്ട് കോഓഡിനേറ്റർ വെങ്കിട്ട് റെഡ്ഡി എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, ബ്ലോക്ക് ഭരണാധികാരികൾ ഉൾപ്പടെയുള്ളവരുമായുള്ള ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും വീട്ടുടമകൾ അറിയിച്ചു. ഇവരുമായുള്ള ചർച്ച ഉടൻ നടക്കും. അതേസമയം മണ്ണെടുത്ത ഭാഗങ്ങളിൽ സുരക്ഷക്കുവേണ്ടി വീണ്ടും മണ്ണ് കൊണ്ട് വന്ന് നിറക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നുണ്ട്. വിള്ളലിനെ കുറിച്ച് ചെന്നൈ ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് പ്രഫസർ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശത്ത് ബാംഗ്ലാകുന്നിന് മുകളിൽ താമസിക്കുന്ന പേരാഞ്ചേരി ഷറഫുദ്ദീൻ, വാരിയത്ത്പ്പടി മാത, പേരാഞ്ചേരി ബാവ, പേരാഞ്ചേരി അലവി, പേരാഞ്ചേരി അബു എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. വീടിന്റെ നൂറടി താഴ്ച്ചയിലുടെയാണ് ദേശീയപാത കടന്നുപോകുന്നത്. വീടുകളുടെ മുറ്റം, ചുമര് എന്നിവിടങ്ങളിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.