മലപ്പുറം: നാല് വർഷത്തിനിടെ ജില്ലയിൽ റവന്യു വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് കൈയേറ്റം ഒഴിപ്പിച്ചെടുത്തത് 3.14 ഹെക്ടർ ഭൂമി. റവന്യു വകുപ്പിന്റെ ഒഴിപ്പിക്കൽ പട്ടികയിൽ സംസ്ഥാനത്ത് മലപ്പുറം ആറാം സ്ഥാനത്താണ്. പരിശോധന നടത്തിയാണ് കൈയേറ്റം ഒഴിപ്പിച്ചത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിപ്പിക്കപ്പെട്ടത്. 36.32 ഹെക്ടർ ഇടുക്കിയിൽ ഒഴിപ്പിച്ചു. തിരുവനന്തപുരത്ത് (ഒമ്പത്), കാസർകോട് (7.60), ആലപ്പുഴ (5.67), പത്തനംതിട്ട (4.92) എന്നിവയാണ് മലപ്പുറത്തിന് മുന്നിലുള്ളത്.
1957ലെ കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാർ ഭൂമികളിൽ നടത്തിയിടുള്ള കൈയേറ്റങ്ങൾ വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് ഫോറം എയിൽ ജില്ല കലക്ടർക്ക് സമർപ്പിക്കുകയാണ് പതിവ്. റിപ്പോർട്ടിനൊപ്പം നിർദിഷ്ട സ്കെയിലിൽ തയ്യാറാക്കിയ സ്ഥലത്തിന്റെ പ്ലോട്ട് ചെയ്ത സ്കെച്ച്, ഭൂമിയുടെ വിവരങ്ങളടക്കിയ മഹസ്സർ എന്നിവ കൈമാറും. റിപ്പോർട്ട് ലഭിച്ചാൽ കലക്ടർ സ്ഥലം പരിശോധിച്ച് വസ്തുത ഉറപ്പാക്കും. തുടർന്ന് കേരള ഭൂസംരക്ഷണ നിയമം വകുപ്പ് 12 പ്രകാരം കൈയേറ്റക്കാരന് ഫോറം ബിയിൽ നോട്ടിസ് നൽകി നേരിൽ കേട്ട് മൊഴി രേഖപ്പെടുത്തും. അനധികൃത കൈയേറ്റമാണെന്ന് റവന്യു വകുപ്പിന് ബോധ്യപ്പെട്ടാൽ നിർദിഷ്ട സമയ പരിധിക്കുള്ളിൽ കൈയേറ്റക്കാരനെ ഭൂമിയിൽ നിന്ന് ചട്ടം 11 പ്രകാരമുള്ള സി ഫോറം നോട്ടീസും വിശദമായ നടപടിക്രമങ്ങളും നൽകിയാണ് തുടർനടപടി സ്വീകരിക്കുന്നത്.
റവന്യു വകുപ്പിന്റെ കണക്ക് പ്രകാരം നാല് വർഷത്തിനിടെ കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുറവ് കൈയേറ്റം കണ്ടെത്തിയത്. 0.009 ഹെക്ടർ ഭൂമി മാത്രമേ കൈയേറ്റമായി കണ്ടെത്തിയിട്ടുള്ളു. പാലക്കാട് 2.77 ഹെക്ടർ, എറണാകുളം 1.84, കൊല്ലം 1.56, വയനാട് 1.15, തൃശൂർ 0.52, കോഴിക്കോട് 0.51, കോട്ടയം 0.13 എന്നിങ്ങനെയാണ് കുറവ് കൈയേറ്റം കണ്ടെത്തിയ ജില്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.