സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച സിൻഷക്ക് കെ. പുരം ജനകീയ വായനശാലയിൽ
നൽകിയ സ്വീകരണം
താനൂർ: കേരളാധീശ്വരപുരം ഗ്രാമത്തിൽനിന്ന് കേരള പൊലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയെന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കിയ സിൻഷ കൊല്ലത്തേടത്ത് നിയമനം ലഭിച്ചയുടനെ ആദ്യം സന്ദർശിച്ചത് വായനയുടെ ലോകത്തേക്ക് വഴി നടത്തിയ കെ. പുരം ജനകീയ വായനശാലയിൽ.
ഔദ്യോഗിക വേഷത്തിൽ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ എത്തിയ നാടിന്റെ ആദ്യ വനിത എസ്.ഐയെ സ്വീകരിക്കാനും സന്തോഷം പങ്കിടാനും നാട്ടുകാരും വായനശാല പ്രവർത്തകരും ഒത്തുകൂടിയിരുന്നു. കുട്ടിക്കാലം മുതൽ ഈ വായനശാലയും വായനയും തന്റെ ഉയർച്ചയിൽ പ്രചോദനമായിരുന്നെന്ന് സിൻഷ പറഞ്ഞു. പരിമിത സാഹചര്യങ്ങളിൽനിന്ന് വരുന്ന പെൺകുട്ടിക്ക് കഠിനാധ്വാനത്തിലൂടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനാകുമെന്നത് വരും തലമുറക്ക് പ്രചോദനമാകണമെന്നും സിൻഷ പറഞ്ഞു.
വായനശാല പ്രസിഡന്റ് ഇ.വി. സുകുമാരൻ നായർ, സെക്രട്ടറി ശിവദാസൻ കരയകത്ത് എന്നിവരുടെ നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി സിൻഷയെ സ്വീകരിച്ചു.
വാർഡ് മെംബർ പി.വി. ഷൺമുഖൻ പൊന്നാടയണിയിച്ച് ആദരിച്ചു. താനൂർ അമൃത വിദ്യാലയം, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, പൊന്നാനി എം.ഇ.എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു സിൻഷയുടെ വിദ്യാഭ്യാസം.
കൊല്ലത്തേടത്ത് ശശിയുടെയും ഷൈനിയുടെയും മകളാണ്. അൻഷ, അവന്തിക എന്നിവർ സഹോദരിമാരാണ്. ചടങ്ങിൽ ഒ. രാജൻ, കെ. ശേഖരൻ, ഗൗരി എന്നിവർ സംസാരിച്ചു. കെ. ചന്ദ്രൻ, എം. സുബ്രഹ്മണ്യൻ, ഷൈനി, എം. സോമൻ, കെ. ഷാജി, കെ. പ്രതീഷ്, പി.പി. ധന്യ, അക്ബർ കെ. പുരം, പത്മജ എന്നിവർ നേതൃത്വം നൽകി. കെ. സിൻഷ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.