വെളിയങ്കോട്: കോതമുക്ക്-എരമംഗലം റോഡിൽനിന്ന് ജൽജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് യോഗം ബഹളത്തിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടന്ന ബോർഡ് യോഗത്തിലാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോരുണ്ടായത്.
എരമംഗലം കോതമുക്ക് റോഡിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത മണൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയതിൽ മറുപടി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എൽ.ഡി.എഫ് രംഗത്തെത്തിയത്.
എന്നാൽ, മണൽ ശനിയാഴ്ച ലേലം ചെയ്യുമെന്ന് അറിയിച്ചതോടെ ഇതിനെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. മണൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയത് സംബന്ധിച്ച് ഉദ്യോഗസ്ഥരടങ്ങുന്ന ഉപസമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാർച്ച് 30ന് മണ്ണ് കൊണ്ടുപോയതായും ഏപ്രിൽ 24ന് മണ്ണ് മൂല്യനിർണയം നടത്തിയെന്നും മേയ് 19ന് മണ്ണ് പഞ്ചായത്തിന് ലേലം ചെയ്യാമെന്ന് വാട്ടർ അതോറിറ്റി കത്തുനൽകിയെന്നും ശനിയാഴ്ച മണ്ണ് ലേലം ചെയ്യുമെന്നും പഞ്ചായത്ത് അസി. സെക്രട്ടറി കവിത ബോർഡ് യോഗത്തിൽ വിശദീകരിച്ചു. എന്നാൽ, റോഡിൽനിന്ന് മണ്ണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ആരാണ് കൊണ്ടുപോയതെന്ന് പറയണമെന്ന് എൽ.ഡി.എഫ് അംഗം എൻ.കെ. ഹുസൈൻ ആവശ്യപ്പെട്ടെങ്കിലും അതേക്കുറിച്ച് അറിയില്ലെന്നാണ് സെക്രട്ടറി മറുപടി നൽകിയത്.
ഇതേത്തുടർന്ന് ബഹളമുണ്ടായി. പിന്നീട് മണൽകടത്ത് സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഉപസമിതി അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഒപ്പുവെച്ച കത്ത് പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസുവിന് കൈമാറുകയും സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പഞ്ചായത്ത് ഉപസമിതയെ നിയോഗിക്കാമെന്ന് പ്രസിഡൻറ് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് ബഹളം അവസാനിച്ചത്. എരമംഗലം കോതമുക്ക് ഉൾപ്പെടെയുള്ള എല്ലാ റോഡുകളും ഉടൻ അറ്റകുറ്റപണി നടത്തുമെന്ന് ബോർഡ് യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.