പൂക്കോട്ടുംപാടം/കാളികാവ്: ചോക്കാട് 40 സെന്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ കോഴി മാലിന്യവുമായെത്തിയ പിക്കപ്പ് വാൻ തടഞ്ഞു. ചോക്കാട് പഞ്ചായത്തിലെ 40 സെന്റിൽ ജനവാസ മേഖലയല്ലാത്ത സ്ഥലത്താണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
എന്നാൽ, ആവശ്യമായ മുൻകരുതൽ സംവിധാനമില്ലാത്തതിനാൽ ദുർഗന്ധം കോട്ടപ്പുഴക്ക് ഇപ്പുറത്ത് അമരമ്പലം പഞ്ചായത്തിലെ ജനവാസമേഖലയായ ടി.കെ കോളനിയിലേക്കാണ് എത്തുന്നത്. ലോഡുകണക്കിന് കോഴിമാലിന്യങ്ങളാണ് സംസ്കരിക്കാനായി ഇവിടെ എത്തിക്കുന്നത്. പ്രധാന ജലസ്രോതസ്സുകൾ മലിനമാവുന്നു എന്നതാണ് നാട്ടുകാരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് നിരവധി തവണ ചോക്കാട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെയാണ് തിങ്കളാഴ്ച രാത്രിയോടെ നിറയെ കോഴി മാലിന്യവുമായി എത്തിയ പിക്കപ്പ് വാൻ ടി.കെ. കോളനിയിലെ ആളുകൾ തടഞ്ഞത്. അധികൃതരെത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടർന്ന് ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജ്, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അറക്കൽ സക്കീർ, പഞ്ചായത്ത് അംഗങ്ങളായ ഷാഹിനാ ഗഫൂർ, എം. അൻവർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി. മുജീബ്, കാളികാവ് പൊലീസ് എസ്.ഐ വേലായുധൻ എന്നിവർ സ്ഥലത്തെത്തി പ്ലാന്റ് അധികൃതരുമായി ചർച്ച നടത്തിയാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് താൽക്കാലികമായി പരിഹാരം കണ്ടത്. മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകുന്നത് തടയണം, ദുർഗന്ധം അന്തരീക്ഷത്തിൽ കലരുന്നത് തടയാനാവശ്യമായ നടപടി സ്വീകരിക്കണം എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം പഞ്ചായത്ത് അധികൃതർക്കും നാട്ടുകാർക്കും ബോധ്യപ്പെട്ട ശേഷം മാത്രം പുതിയ മാലിന്യം കൊണ്ടുവന്നാൽ മതി എന്നാണ് തീരുമാനം. പ്രതിഷേധത്തിന് ജോസ് കാട്ടുങ്ങൽ, അൻവർ തെക്കോടൻ, കെ. ഗഫൂർ, ടി. മുസ്തഫ എന്നിരുടെ നേതൃത്വത്തിൽ 40ലധികം പേരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ് ഒ. അനിത രാജു, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. അനീഷ്, പഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ എന്നിവരും മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.