മലപ്പുറം: ഒാരോ ദിവസവും വിക്ടേഴ്സ് ചാനലില്‍ വരുന്ന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പ്രഗല്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ സപ്പോര്‍ട്ടിങ് മെറ്റീരിയല്‍ ഡിജിറ്റല്‍ രൂപത്തില്‍ തയാറാക്കി കുട്ടികളിലെത്തിക്കുന്ന പദ്ധതി വിജയകരമായി മുന്നോട്ട്. വര്‍ക്ക് ഷീറ്റുകള്‍, ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, സംശയ നിവാരണത്തിന് ഓഡിയോ, വിഡിയോ ക്ലിപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങൾ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് നല്‍കുന്നത്. 104 ഹൈസ്കൂളുകളിലെ എട്ടുമുതല്‍ 10 വരെ ക്ലാസുകളിലേക്കാണ് മലപ്പുറം എജുക്കേഷനല്‍ ഡിസ്ട്രിക്റ്റ് ഓണ്‍ലൈന്‍ ക്ലാസ് സപ്പോര്‍ട്ടിങ് മെറ്റീരിയല്‍സ് (എം.ഇ.ഡി.ഒ.സി.എസ്) പദ്ധതി.
ഡി.ഇ.ഒ ഷാജന്, എച്ച്.എം ഫോറം സെക്രട്ടറി അബ്ദുല്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ റിസോഴ്സ് അധ്യാപകര്‍ ചേര്‍ന്ന് തയാറാക്കുന്ന ടൈംടേബിള്‍ അനുസരിച്ച് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ നല്കുന്നു.
104 സ്കൂളുകളിലെയും ഓരോ വിഷയത്തിലെയും സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാരെ ഉള്‍പ്പെടുത്തി ഡി.ഇ.ഒയും ഫോറം സെക്രട്ടറിയും റിസോഴ്സ് അധ്യാപകരും ഉള്‍പ്പെടുന്ന വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഇത് എത്തിക്കുന്നത്. കോവിഡ് നിര്‍ദേശങ്ങള്‍ ഓരോ പ്രവര്‍ത്തനങ്ങളുടെയും മുകളില്‍ തന്നെ നല്‍കുന്നത് വിദ്യാര്‍ഥികളില്‍ ജാഗ്രതയുണ്ടാക്കാൻ സഹായിക്കുന്നു.
വാട്സ്ആപ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളുടെ പ്രിൻറൗട്ട് പി.ടി.എയുടെ സഹായത്തോടെ നല്‍കുന്നുണ്ട്.
ജില്ല റിസോഴ്സ് അധ്യാപകരായ മധു (മലയാളം), സി.എച്ച്. അബ്ദുല്‍ ഫാറൂഖ് (അറബിക്), നാരായണന് അടിതിരിപ്പാട് (സംസ്കൃതം), അബ്ദുൽ റഷീദ് (ഉര്‍ദു), ഉദയകുമാര്‍ (ഹിന്ദി), മുഹമ്മദ് കുട്ടി മരതംകോടന് (സാമൂഹിക ശാസ്ത്രം), എം.പി. ദീപക് (ഫിസിക്സ്), ഖാലിദ് (കെമിസ്ട്രി), റഷീദ് ഓടക്കല്‍ (ബയോളജി), സുനില്‍ കെ. ജോസഫ് (കണക്ക്) എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘമാണ് നാലുഘട്ടം പൂര്‍ത്തിയാക്കിയ പദ്ധതിക്ക് പിന്നിൽ. ഈ പഠന പ്രവര്‍ത്തനങ്ങള്‍ ജില്ലക്ക് പുറത്ത് വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ബ്ലോഗുകളിലും ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.