മലപ്പുറം: സ്വന്തമായി കെട്ടിടമുണ്ടായിട്ടും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് പൊന്നാനിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെതിരെ എം.എൽ.എമാർ. ജില്ല വികസന സമിതി യോഗത്തിലാണ് പ്രതിഷേധവുമായി എം.എൽ.എമാർ രംഗത്ത് വന്നത്. കുറുക്കോളി മൊയ്തീൻ, പി. അബ്ദുൽ ഹമീദ്, യു.എ. ലത്തീഫ്, പി. ഉബൈദുല്ല എന്നിവരാണ് പ്രതിഷേധമറിയിച്ചത്. നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ ഉണ്യാലിൽ എല്ലാ സൗകര്യങ്ങളോടെയും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് കെട്ടിടമുണ്ടാക്കിയിട്ടുണ്ട്. ഉണ്യാലിൽ മികച്ച കെട്ടിടമുണ്ടായിരിക്കെ നിലവിൽ പൊന്നാനിയിൽ വാടകക്കാണ് ഡി.ഡി ഫിഷറീസ് പ്രവർത്തിക്കുന്നത്. പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഓഫിസ് കെട്ടിടത്തിന്റെ കാലപഴക്കം കാരണം അൺഫിറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ പുതിയ വാടക കെട്ടിടത്തിലേക്ക് മാറാനാണ് ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഓഫിസ് പ്രവർത്തനത്തിന് സ്വന്തമായി കെട്ടിടം നിർമിച്ചിട്ടും അതിലേക്ക് മാറാൻ തയാറാകാതെ വീണ്ടും വാടക കെട്ടിടത്തിലേക്ക് മാറുന്നത് ശരിയല്ലെന്ന് എം.എൽ.എമാർ അറിയിച്ചു.
ഓഫിസ് പ്രവർത്തനം പൂർണമായി നിറമരുതൂരിലേക്ക് മാറ്റിയാൽ വള്ളിക്കുന്ന് ഭാഗത്തുനിന്നും പൊന്നാനി ഭാഗത്ത് നിന്നുമുള്ള മത്സ്യ തൊഴിലാളികൾക്ക് എത്തിച്ചേരാൻ ഏറെ സൗകര്യപ്രദമാകും. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ ജില്ല കലക്ടർ വി.ആര്. പ്രേംകുമാര്‍ ഫിഷറീസ് വകുപ്പിനോട് വിശദീകരണം ചോദിച്ചു. തിരുവനന്തപുരം ഡയറക്ടറേറ്റിന്റെ നിർദേശ പ്രകാരമാണ് വാടക കെട്ടിടത്തിലേക്കുള്ള മാറ്റമെന്ന് ഫിഷറീസ് വകുപ്പ് മറുപടി നൽകി. 2020ലാണ് ഉണ്യാലിൽ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉണ്യാലിലെ കെട്ടിടത്തിൽ എല്ല സൗകര്യങ്ങളുമുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടറേറ്റ് സ്ഥലത്തേക്ക് മാറ്റുന്നത് ഏറെ ഉചിതമാകുമെന്നും നിറമരുതൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ പി. ഇസ്മായിൽ അഭിപ്രായപ്പെട്ടു.
ജില്ല പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യം. മലപ്പുറം കോട്ടപ്പടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസിനു സമീപത്തെ 20 സെന്റ് സ്ഥലം ലാബിനായി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ബാക്കി വരുന്ന തുക എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന്, ലഹരി ഉപയോഗം തടയാന്‍ ഹയര്‍സെക്കൻഡറി, ഹൈസ്കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ കാമ്പയിന് സംഘടിപ്പിക്കണമെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. പലയിടത്തും കുട്ടികളെ കാരിയര്‍മാരായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് തടയുന്നതിനായി പൊലീസ്, എക്സൈസ് വകുപ്പുകള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സംയുക്ത പരിശോധന ശക്തിപ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.