ബംഗളൂരു-മൈസൂരു പാതയില്‍ മലയാളി വിദ്യാര്‍ഥികൾക്ക് ക്രൂരമര്‍ദനം

വണ്ടൂർ: ബംഗളൂരു-മൈസൂരു പാതയില്‍ മലയാളി വിദ്യാര്‍ഥികളെ ഒരുസംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്കെന്നും അക്രമകാരണം അറിയില്ലെന്നും വിദ്യാർഥികള്‍ പറഞ്ഞു. ബംഗളൂരുവില്‍ പ്രൊഡക്ട് ഡിസൈനിങ് രണ്ടാം വര്‍ഷ വിദ്യാർഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ ബരാക്ക് മാത്യു (21), മൈസൂരു ബെന്നി മണ്ഡപത്തെ കോളജ് രണ്ടാംവര്‍ഷ ഫാര്‍മസി വിദ്യാർഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ എബിന്‍ രഞ്ജിത്ത് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മേയ് 25ന് വൈകീട്ട് ആറോടെയാണ് സംഭവം.

ആരോണിന്റെ സഹോദരിയുടെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ കോളജില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്ക് സമീപത്ത് ഇവര്‍ അക്രമിക്കപ്പെട്ടത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പെട്ടെന്ന് റോഡിനുകുറുകെയിട്ട് രണ്ടംഗ സംഘം ഇവരെ ബൈക്കില്‍നിന്ന് വലിച്ചുതാഴെയിട്ടു.

ഇതേ സമയം അഞ്ചെട്ടുപേര്‍ റോഡിന്റെ പലഭാഗത്തുനിന്നുമെത്തി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സ്‌കൂട്ടറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തി അക്രമം തുടര്‍ന്നു. സ്‌ക്രൂഡ്രൈവറും ഇരുമ്പു കമ്പിയുമുപയോഗിച്ചുള്ള അക്രമത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റു. ബാഗിലുണ്ടായിരുന്ന ലാപ്‌ടോപ്പും ഐപാഡും തകര്‍ത്തു.

പിന്നീട് മൈസൂരുവില്‍നിന്ന് ബസില്‍ നാട്ടിലെത്തിയ ഇവര്‍ പരാതി നൽകാന്‍ പോലും ഭയന്നിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇത്തരത്തില്‍ ഹൈവേ കവര്‍ച്ച നടത്തുന്ന ഏഴംഗ മലയാളി സംഘത്തെ ഇതേസ്ഥലത്തുവെച്ച് കഴിഞ്ഞദിവസം മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത അറിയുന്നത്.

തങ്ങളെ അക്രമിച്ചവരുടെ പ്രായം പരിഗണിക്കുമ്പോള്‍ ഇവരായിരിക്കാനുള്ള സാധ്യത ഇവര്‍ പങ്കുവെച്ചതോടെ പൊതു പ്രവര്‍ത്തകനും നാഷനല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എൻവയോണ്‍മെന്റ് ഫോറം ദേശീയ വൈസ് ചെയര്‍മാനുമായ ഷാജഹാന്‍ പത്തിരിയാല്‍ ഇടപെട്ട് എടവണ്ണ പൊലീസില്‍ പരാതി നൽകിയത്.

അക്രമികളെ കണ്ടാല്‍ തങ്ങള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഇവര്‍ പറഞ്ഞു. ധാരാളം മലയാളികളടക്കമുള്ള വിദ്യാർഥികള്‍ സ്ഥിരമായി യാത്രചെയ്യുന്ന പാതയില്‍ നേരത്തേയും ഇത്തരം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഷാജഹാന്‍ പറഞ്ഞു.

Tags:    
News Summary - Malayalee students brutally beaten on Bangalore-Mysore road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.