മങ്കട: തിരൂർക്കാട് - ആനക്കയം റോഡിൽ പരിഹാരമില്ലാതെ ദുരിതയാത്ര. നിത്യേന അപകടങ്ങൾ പതിവായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവരിലേറെയും ഇരുചക്രയാത്രികരാണ്. കുഴിവെട്ടിക്കുന്നതിനിടെ എതിരെ വരുന്ന വാഹനത്തിലിടിക്കുന്നതും ഇവിടെ പതിവാണ്. അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിലെ വർധനവിന് മങ്കട ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ വർധന സാക്ഷ്യമാണ്.
പത്തു വർഷം മുമ്പ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ച റോഡിന്റെ തകർച്ച തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനിടയിൽ അശാസ്ത്രീയമായ ചില പാച്ച് വർക്കുകൾ നടത്തി എന്നതല്ലാതെ റോഡ് നവീകരിച്ചിട്ടില്ല. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ഇപ്പോൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. മഴ മാറിയ സമയത്ത് താൽക്കാലികമായ കുഴിയടക്കലെങ്കിലും നടത്തിയിരുന്നെങ്കിൽ എന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞ ആഴ്ച തിരൂർക്കാട് ചവറോടിന് സമീപവും മങ്കട ഗവ. ഹൈസ്കൂളിന് മുൻവശത്തും മങ്കട മാർക്കറ്റിന് സമീപവും കർക്കിടകം, കടന്നമണ്ണ, വെള്ളില പ്രദേശങ്ങളിലായി സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചും ബൈക്കുകൾ മറിഞ്ഞും കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിൽ ഇടിച്ചുമെല്ലാം നിരവധി അപകടങ്ങളുണ്ടായി.
റോഡ് തകർന്നതിനെ തുടർന്ന് പലയിടങ്ങളിലും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ നാട്ടുകാർ റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണ്. മഴവെള്ളം നിറഞ്ഞു കുഴികൾ മൂടിക്കിടക്കുന്നതിനാൽ പരിചിതർ വരെ അപകടത്തിൽ പെടുന്നുണ്ട്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. മുസ് ലിം ലീഗ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പാർട്ടികൾ സമര രംഗത്തുണ്ടെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.