മങ്കട: തിരൂർക്കാട് - ആനക്കയം റോഡിൽ മങ്കടയിൽ ടാർ മിശ്രിതം ഉപയോഗിച്ച് അടച്ച കുഴികൾ തുറന്ന് വീണ്ടും അപകട ഭീഷണി. ഈ ഭാഗത്ത് ഇപ്പോൾ വീണ്ടും താൽക്കാലികമായ കുഴിയടക്കൽ നടത്തുകയാണ്. മൂന്നുതവണ കുഴിയടച്ചിട്ടും ഫലം കണ്ടിട്ടില്ല.
റോഡ് തകർന്ന് യാത്ര ദുരിതമായതിനാൽ നിരവധി സമരങ്ങളെ തുടർന്നാണ് അധികൃതർ കുഴിയടക്കാൻ തുടങ്ങിയത്. ആദ്യം രണ്ട് തവണ ക്വാറി അവശിഷ്ടം ഉപയോഗിച്ചാണ് അടച്ചത്. വീണ്ടും കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. തുടർന്ന് ടാർ മിശ്രിതം ഉപയോഗിച്ച് കുഴിയടക്കാൻ തുടങ്ങി. മഴ മാറിയതോടെ തിരൂർക്കാട് മുതൽ മങ്കട കർക്കിടകം വരെ ആദ്യം കുഴിയടച്ചു. എന്നാൽ, കുഴികളിലിട്ട ക്വാറി അവശിഷ്ടം ശരിയായ രീതിയിൽ നീക്കാതെ ടാർ മിശ്രിതം കൊണ്ട് അടച്ചതിനാൽ പിറ്റേ ദിവസം തന്നെ കുഴികൾ വീണ്ടും തുറന്നു. കുഴിയടച്ച ആശ്വാസത്തിൽ വേഗത്തിൽ പോകുന്ന വാഹനങ്ങൾ ഈ കുഴികളിൽ വീണ് അപകടം പതിവാകുകയാണ്.
വെള്ളം കെട്ടിനിന്ന സ്ഥലങ്ങളിലാണ് ടാർ മിശ്രിതം ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടത്. ഇപ്പോൾ മഴ മാറിയപ്പോൾ ആനക്കയം ഭാഗത്ത് നിന്ന് കുഴികൾ അടച്ച് വെള്ളില വരെ എത്തിയതായി പൊതുമരാമത്ത് വകുപ്പ് മേലാറ്റൂർ സെക്ഷൻ അസി. എൻജിനീയർ പ്രദീപ് കുമാർ പറഞ്ഞു. എന്നാൽ, കുഴിയടക്കൽ പരിഹാരമല്ലെന്നും റോഡ് റീടാർ ചെയ്ത് യാത്രാക്ലേശം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഈ ആവശ്യവുമായി വെൽഫെയർ പാർട്ടി സമര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.