മലപ്പുറം: ‘മിഷൻ ഇന്ദ്രധനുഷ് 5.0’ പദ്ധതി മൂന്ന് ഘട്ടങ്ങളും പൂർത്തിയായപ്പോൾ ജില്ലക്ക് നേട്ടം. സംസ്ഥാന തലത്തിൽ കുത്തിവെപ്പിൽ ഏറെ പിന്നിലുള്ള ജില്ലയുടെ നിലവാരം ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗം കൂടിയായാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ പുതിയ തലമുറയെയും തീരെ താൽപര്യം കാണിക്കാത്തവരെയുമടക്കം വാക്സിൻ സ്വീകരിക്കാൻ പ്രാപ്തരാക്കാൻ സാധിച്ചെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
വിവിധ കാരണങ്ങൾ പറഞ്ഞ് ജില്ലയിൽ നിരവധി പേരാണ് നേരത്തെ കുത്തിവെപ്പിനോട് മുഖംതിരിഞ്ഞു നിന്നിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ചടുലമായ പ്രവർത്തനം കാരണവും കൂടുതൽ പേരാണ് വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവന്നത്.
ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി ജില്ലയിലെ 60 ശതമാനം കുട്ടികളും 113 ശതമാനം ഗർഭിണികളുമാണ് കുത്തിവെപ്പ് സ്വീകരിച്ചത്.
രണ്ടാംഘട്ടത്തിൽ 24,485 കുട്ടികളും 1610 ഗർഭിണികളും വാക്സിൻ സ്വീകരിച്ചപ്പോൾ മൂന്നാംഘട്ടത്തിൽ 51 ശതമാനം നിരക്കാണ് രേഖപ്പെടുത്തിയത്. അതിൽ 17,646 കുട്ടികളും 1391 ഗർഭിണികളും കുത്തിവെപ്പെടുത്തു.
ജില്ലയിൽ മീസിൽസ് പോലുള്ള രോഗം വന്ന് മരണം സംഭവിച്ച സാഹചര്യത്തിൽ ഏറെ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് ബോധവത്കരണം നടപ്പാക്കിയത്. കുത്തിവെപ്പ് ഊർജിതമാക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസേന യോഗം ചേർന്നിരുന്നു.
പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പ്രചാരണ പരിപാടികളാണ് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചത്. വിദ്യാർഥികൾക്ക് രചന മത്സരങ്ങളും പൊതുജനങ്ങൾക്കായി റീൽസ് മത്സരങ്ങളും സംഘടിപ്പിച്ചു. കൂടാതെ ഗ്രാമങ്ങൾ തോറും വാഹനപ്രചാരണങ്ങളും നടത്തി. പോസ്റ്റർ രചന മത്സരത്തിൽ മേൽമുറി എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സി. ദാന ഒന്നാം സ്ഥാനം നേടി. റീൽസ് മത്സരത്തിൽ അരീക്കോട് സ്വദേശി ഗിരിധരനാണ് ഒന്നാം സ്ഥാനം. വിജയികൾക്ക് കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും.
കുത്തിവെപ്പ് സ്വീകരിച്ച രക്ഷിതാക്കളെയും ഗർഭിണികളെയും ജില്ല മെഡിക്കൽ ഓഫിസർ അഭിനന്ദിച്ചു. യൂ-വിൻ പോർട്ടലിൽ നിന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.