മലപ്പുറം: നിലമ്പൂർ - ഷൊർണൂർ പാതയിൽ ഷൊർണൂർ ഭാഗത്തേക്ക് ഉച്ചക്ക് ട്രെയിൻ വേണമെന്ന മുറവിളിക്ക് ഇനിയും പരിഹാരമായില്ല. നിലവിൽ രാവിലെ 10.10ന് നിലമ്പൂർ - ഷൊർണൂർ ലോക്കൽ എക്സ്പ്രസ് പുറപ്പെട്ടാൽ ഷൊർണൂർ ഭാഗത്തേക്ക് അടുത്ത ട്രെയിനുള്ളത് 3.10ന് നിലമ്പൂർ - കോട്ടയം ഇന്റർസിറ്റി എക്സ്പ്രസാണ്. ഇതിന് വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമാണ് ഷൊർണൂരിന് മുമ്പ് സ്റ്റോപ്പുള്ളത്. അതിനാൽ മറ്റു സ്ഥലങ്ങളിൽ ഇറങ്ങേണ്ടവർക്ക് പ്രയോജനമില്ല. എന്നാൽ, ഷൊർണൂരിനപ്പുറം കോട്ടയം വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.
അതുപോലെ ഷൊർണൂരിൽനിന്ന് 10.20ന് കോട്ടയം - നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് പുറപ്പെട്ടാൽ അടുത്ത വണ്ടിക്ക് ഉച്ചക്ക് 2.05 വരെ കാത്തിരിക്കണം. ഇത് 3.35നാണ് നിലമ്പൂരിലെത്തുക. ഈ സമയത്തിനിടക്ക് പുതിയ ട്രെയിൻ വേണമെന്നും ആവശ്യമുണ്ട്. കോട്ടയം - നിലമ്പൂർ വണ്ടിക്ക് അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ഫലത്തിൽ നിലമ്പൂർ - ഷൊർണൂർ പാതയിൽ തൊടികപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറുശ്ശി സ്റ്റേഷനുകളിലേക്ക് പകൽ യാത്രക്ക് രാവിലെ 10.10നുള്ള വണ്ടി കഴിഞ്ഞാൽ 4.10നുള്ള നിലമ്പൂർ - ഷൊർണൂർ - പാലക്കാട് എക്സ്പ്രസ് മാത്രമാണ് ആശ്രയം.
നേരത്തെ നിലമ്പൂരിൽനിന്ന് രാവിലെ 11.10ന് ട്രെയിനുണ്ടായിരുന്നു. ഈ വണ്ടി ഉച്ചയോടെ ഷൊർണൂരിൽ എത്തുന്നതിനാൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏറനാട്, വേണാട് എക്സ്പ്രസുകൾ കണക്ഷനായി ലഭിച്ചിരുന്നു. ഈ വണ്ടി പുലർച്ച 5.30ലേക്ക് മാറ്റിയതോടെ പകൽ യാത്രക്കാർക്ക് ദുരിതമായി.
ഉച്ചക്ക് ട്രെയിൻ വേണമെന്നാവശ്യപ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുറവിളി കൂട്ടുന്നുണ്ടെങ്കിലും റെയിൽവേ മുഖവിലക്കെടുത്തിട്ടില്ല. ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വർധിപ്പിച്ച് വണ്ടികളുടെ എണ്ണം കുറച്ച് റെയിൽവേ അമിത ലാഭമെടുക്കാനാണ് പുതിയ ട്രെയിനുകൾ അനുവദിക്കാത്തതെന്നാണ് യാത്രക്കാർ പറയുന്നത്.
നിലമ്പൂർ - ഷൊർണൂർ പാത വൈദ്യുതീകരണം നീളുന്നത് പുതിയ ട്രെയിനുകൾ വരാൻ തടസ്സമാകുന്നു.2022 ഒക്ടോബർ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെയും എങ്ങുമെത്തിയില്ല. പരിസ്ഥിതി പ്രശ്നം ഉയർത്തിക്കാട്ടി ചിലർ നൽകിയ പരാതിയിന്മേൽ വൈദ്യുതീകരണം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
പ്രവൃത്തി ഇടക്ക് പുനരാരംഭിച്ചിരുന്നെങ്കിലും വീണ്ടും മുടങ്ങി. ലാര്സന് ആന്ഡ് ടൂബ്രോ കമ്പനിയാണ് പദ്ധതി കരാർ ഏറ്റെടുത്തത്. ഷൊർണൂരിൽനിന്ന് നിലമ്പൂർ വരെയുള്ള 70 കിലോമീറ്റർ വൈദ്യുതീകരിക്കുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷൻ പൂർണമായും വൈദ്യുതി പാതകളാവും. പാതയിലെ വശങ്ങളിലെ തേക്ക് അടക്കം മരങ്ങൾ ഇതിനകം മുറിച്ചിട്ടുണ്ട്.
കേരളത്തിൽ ഡീസൽ എൻജിനുകൾ ഉപയോഗിക്കുന്ന അപൂർവ പാതകളിലൊന്നാണിത്. എൻജിനുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താനോ പുതിയവ കൊണ്ടുവരാനോ റെയിൽവേ മെനക്കെടുന്നില്ല. പഴയതും തകരാറിലുള്ളതും താൽക്കാലികാടിസ്ഥാനത്തിൽ നന്നാക്കിയാണ് ഉപയോഗിക്കുന്നത്. വൈദ്യുതീകരണം വൈകുന്നതിനാൽ, പുതിയ എൻജിനുകൾ ഉപയോഗിച്ചോ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയോ പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ ക്രോസിങ് സ്റ്റേഷനുള്ളത്. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനും ഇടയിൽ കുലുക്കല്ലൂരിലോ വലപ്പുഴയിലോ ക്രോസിങ് സ്റ്റേഷൻ ഉണ്ടായാൽ ട്രെയിൻ വൈകലിന് പരിഹാരമാകും.
അതുപോലെ അങ്ങാടിപ്പുറത്തിനും വാണിയമ്പലത്തിനും ഇടയിൽ തുവ്വൂരോ മേലാറ്റൂരോ ഒന്നുകൂടി വേണം. നിലവിൽ അങ്ങാടിപ്പുറം കഴിഞ്ഞാൽ വാണിയമ്പലം എത്തുന്നത് വരെ ട്രെയിൻ സ്റ്റേഷനിൽതന്നെ നിർത്തിയിടണം. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം പരിഹരിച്ചാൽ യാത്രക്കാർക്ക് സമയത്തിനുതന്നെ സ്റ്റേഷനുകളിൽ എത്തിച്ചേരാം.
ചരക്ക് വണ്ടികൾക്ക് സമയക്രമം വേണം -സലീം ചുങ്കത്ത് (ട്രെയിൻ ടൈം കൂട്ടായ്മ അഡ്മിൻ)
ചരക്ക് വണ്ടികളുടെ സമയക്രമമില്ലായ്മയാണ് നിലമ്പൂർ - ഷൊർണൂർ പാതയിൽ പുതിയ വണ്ടികൾക്ക് തടസ്സം. നേരത്തെ രാവിലെ 11.10ന് ട്രെയിൻ ഉണ്ടായിരുന്നു. ഇത് ഏറനാട്, വേണാട് എക്സ്പ്രസുകൾക്ക് കണക്ഷനായിരുന്നതിനാൽ ഒരുപാട് പേർക്ക് പ്രയോജനപ്പെട്ടു. രാവിലെ 10.10നുള്ള ട്രെയിൻ 11.45ഓടെയാണ് ഷൊർണൂരിൽ എത്തുന്നത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ ഈ സമയത്തിന് മുമ്പ് പോവുന്നതിനാൽ തന്നെ കണക്ഷൻ വണ്ടികൾക്ക് മണിക്കൂറുകൾ കാത്തിരിക്കണം. ചരക്ക് വണ്ടികളിൽനിന്നാണ് റെയിൽവേക്ക് കൂടുതൽ വരുമാനം. എന്നിരുന്നാലും യാത്രാവണ്ടികൾക്കും പ്രധാന്യം നൽകി പാതയിലെ ദുരിതത്തിന് പരിഹാരം കാണണം.
പുതിയ ട്രെയിൻ വേണം -നാസർ കൂട്ടിൽ (റെയിൽവേ പാസഞ്ചേഴ്സ് കൂട്ടായ്മ)
നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് 10.10നുള്ള വണ്ടി പുറപ്പെട്ടാൽ പിന്നെയുള്ളത് 3.10നുള്ള കോട്ടയം എക്സ്പ്രസാണ്. ഇതിന് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഇല്ലാത്തതിനാൽ പല യാത്രക്കാർക്കും പ്രയോജനമില്ല. ആയതിനാൽ ഷൊർണൂർ ഭാഗത്തേക്ക് 10.10ന് ശേഷം പുതിയൊരു ട്രെയിൻ അനുവദിക്കണം. അതുപോലെ ഈ സമയത്ത് തന്നെ ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കും പുതിയ ട്രെയിൻ വേണം.
ലാഭം മാത്രം നോക്കുന്നത് ജനദ്രോഹം -സി.പി. സൈനുൽ ആബിദീൻ (റെയിൽവേ പാസഞ്ചേഴ്സ് കൂട്ടായ്മ)
ടിക്കറ്റ് നിരക്ക് കൂട്ടി ട്രെയിനുകളുടെ എണ്ണം കുറച്ച് ലാഭമുണ്ടാക്കുക എന്നതാണ് നിലവിൽ റെയിൽവേ നടപ്പാക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനത്തിരക്കുള്ള നിലമ്പൂർ - ഷൊർണൂർ പാതയിൽ നേരത്തെയുണ്ടായിരുന്ന എല്ലാ ട്രെയിനുകളും പുനഃസ്ഥാപിക്കണം. മിനിമം ചാർജ് 30 എന്നത് കുറച്ച് അടുത്ത സ്റ്റേഷനുകളിലേക്ക് നേരത്തെയുണ്ടായിരുന്ന കുറഞ്ഞചാർജ് തന്നെ ഈടാക്കണം. ഇതോടൊപ്പം വൈദ്യുതീകരണവും ഉടൻ പൂർത്തിയാക്കണം.മേലാറ്റൂർ, കുലുക്കല്ലൂർ സ്റ്റേഷനുകളിലെങ്കിലും ഒരേ സമയം രണ്ട് ട്രെയിനുകൾക്ക് കടന്നുപോകാൻ പാതകൾ ഇരട്ടിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.